കള്ളക്കേസിൽ കുടുക്കി; പിന്നാലെ വനംവകുപ്പിന്റെ കൈമടക്ക് 5000; പണമയച്ചത് നടപടി നേരിട്ട ഫോറസ്റ്റർ
ഇടുക്കി: കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ നിയമനടപടി ആവശ്യപ്പെട്ട കുടുംബത്തിന് 5000 രൂപ ‘സഹായവുമായി’ വനം വകുപ്പ്. മകനെ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന സരിന്റെ മാതാപിതാക്കളുടെ ചികിത്സയ്ക്കെന്ന് പറഞ്ഞാണ് വനംവകുപ്പ് പണം നൽകിയത്. സംഭവത്തിൽ നടപടി നേരിട്ട മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുലിന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നാണ് ഈ പണം എത്തിയതെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബം പണം തിരിച്ചുനൽകി.നിരാഹാര സമരം നടത്തിയ മാതാപിതാക്കളുടെ ആരോഗ്യനില മോശമായി ആശുപത്രിയിലേക്ക് മാറ്റുന്ന ഘട്ടത്തിൽ ഒക്ടോബർ 30നാണ് പണം നൽകിയത്. വകുപ്പുതല സഹായം എന്ന നിലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സമര സമിതി നേതാവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയത്. എന്നാൽ ഈ പണമെത്തിയത് നടപടി നേരിട്ട രാഹുലിന്റെ അക്കൗണ്ടിൽനിന്നാണെന്ന് തൊട്ടടുത്ത ദിവസമാണ് സമരസമിതി നേതാക്കൾ തിരിച്ചറിഞ്ഞത്.ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നിയമനടപടികളിലേക്ക് നീങ്ങുമെന്ന വാർത്ത വന്നതിന് പിന്നാലെ സമര സമിതി നേതാക്കളെ രാഹുൽ ബന്ധപ്പെട്ടിരുന്നു. നിങ്ങളെ സാമ്പത്തികമായെല്ലാം സഹായിച്ചതല്ലേ ഇനിയും കേസുമായി മുന്നോട്ടുപോണോ എന്ന് രാഹുൽ ചോദിച്ചതോടെയാണ് ചികിത്സാ സഹായത്തിന് തന്ന പണം ഉദ്യോഗസ്ഥന്റെ കൈമടക്കായിരുന്നുവെന്ന് നേതാക്കൾ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ 5000 രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.അതേസമയം, വനംവകുപ്പിന്റെ ഔദ്യോഗിക ഫണ്ടിൽനിന്ന് സഹായമെന്ന നിലയിൽ നൽകിയ പണമാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ ആ പണം നൽകിയ വനംവകുപ്പിന്റെ അക്കൗണ്ടിൽ നിന്നല്ല എന്നതും ശ്രദ്ധേയമാണ്. നടപടി നേരിട്ട് സ്ഥലംമാറിപോയ ഉദ്യോഗസ്ഥൻ പണം നൽകുന്നതിൽ അസ്വാഭാവികതയുണ്ടെന്നും സമരസമിതി പറയുന്നു.