റോഡ് സുരക്ഷയ്ക്കും ലഹരിക്കെതിരെയും കൈകോര്‍ത്ത് സര്‍ക്കാര്‍ വകുപ്പുകള്‍
റോഡ് സുരക്ഷയ്ക്കായും ലഹരിക്കെതിരെയും കൈകോര്‍ത്ത് മോട്ടോര്‍ വാഹന – പോലീസ് – എക്സൈസ് വകുപ്പുകള്‍ക്കൊപ്പം ന്യൂമാന്‍ കോളേജും. ഇതിന്റെ ഭാഗമായി ‘യേസ് ടു റോഡ് സേഫ്റ്റി, നോ ടു ഡ്രഗ്സ്’ എന്ന മുദ്രാവാക്യവുമായി തൊടുപുഴ നഗരത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയില്‍ തൊടുപുഴയിലേയും പരിസരങ്ങളിലേയും വിവിധ കോളേജുകളില്‍ നിന്നായി നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ന്യൂമാന്‍ കോളേജില്‍ നിന്നാരംഭിച്ച റോഡ് ഷോ ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കി. ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ ഹണി റോസ്, നീത പിള്ള, അശ്വതി ശ്രീകാന്ത് എന്നിവര്‍ മുഖ്യാതിഥികളായി. പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ്, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ സലിം, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പി.എ നസീര്‍, ഇടുക്കി ആര്‍ടിഒ ആര്‍.രമണന്‍, തൊടുപുഴ ഡിവൈഎസ്പി എം.ആര്‍.മധുബാബു, വൈസ് പ്രിന്‍സിപ്പാള്‍ സാജു എബ്രഹാം, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍ ആന്റണി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ്, മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ രണ്ടര കിലോമീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് രാജകുമാരി ഗ്രാമ പഞ്ചായത്ത്
രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി രണ്ടര കിലോമീറ്റര്‍ ദൂരം മനുഷ്യച്ചങ്ങല തീര്‍ത്ത് രാജകുമാരി നിവാസികള്‍. രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെയും, മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്വയം സഹായ സംഘങ്ങളുടേയും, കുടുംബശ്രീയുടേയും, യൂണിയന്‍ തൊഴിലാളികളുടെയും സഹരണത്തോടെയാണ് ലഹരിക്കെതിരായ ചങ്ങല തീര്‍ത്തത്.
പൊതു സമൂഹത്തെയും യുവ തലമുറയെയും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ മോചിപ്പിക്കുക, കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ വില്പനയ്ക്കും ഉപയോഗത്തിനും തടയിടുക എന്നീ ആശയങ്ങള്‍ ജനങ്ങളിലെത്തിച്ചു ലഹരിക്ക് അടിമപ്പെടാത്ത പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ഏവരും കൈകോര്‍ത്ത് അണിനിരന്നതോടെ ലഹരിക്ക് എതിരെ തകര്‍ക്കാന്‍ പറ്റാത്ത ചങ്ങലയാണ് രാജകുമാരിയില്‍ സൃഷ്ടിക്കപ്പെട്ടത്. കൈകള്‍ കോര്‍ത്ത് ലഹരിക്ക് എതിരെ ഗ്രാമപഞ്ചായത്ത് നിവാസികള്‍ പ്രതിജ്ഞയെടുത്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുളപ്പാറച്ചാല്‍ മുതല്‍ രാജകുമാരി ടൗണ്‍ വരെ തീര്‍ത്ത ചങ്ങലയില്‍ ആയിരത്തി എഴുനൂറോളം പേര്‍ പങ്കെടുത്തു. രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു ലഹരി വിരുദ്ധ സന്ദേശം നല്‍കി.
വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.വി കുര്യാക്കോസ്, ഭരണസമിതി അംഗങ്ങള്‍, അദ്ധ്യാപകര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു സുരേഷ് തുടങ്ങിയവര്‍ മനുഷ്യച്ചങ്ങലക്ക് നേതൃത്വം നല്‍കി.
ഫോട്ടോ : ലഹരിക്കെതിരായി രാജകുമാരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങല