അമ്മയോട് കാണിക്കുന്നത്ര സ്നേഹംമലയാള ഭാഷയോടും ഉണ്ടാവണം-മന്ത്രി റോഷി അഗസ്റ്റിന്
അമ്മയോട് കാണിക്കുന്നത്ര സ്നേഹം മലയാള ഭാഷയോടും ഉണ്ടാവണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ഓഫീസുകളിലും മലയാളമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇനിയും അത് ജാഗ്രതയോട് കൂടി തുടരണം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിന് പല ലക്ഷ്യങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. ആ ലക്ഷ്യങ്ങളും സ്വപ്നങ്ങളും യാഥാര്‍ഥ്യമാക്കുന്നതിന് അര്‍പ്പണ ബോധത്തോടെ നാം ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍
മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം ഇതര ഭാഷകളെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാഷ ഒരു പ്രശ്നമായി ദേശീയ തലത്തില്‍ വീണ്ടും ഉയര്‍ന്നു വരുന്ന സമയത്താണ് ഇത്തവണ മലയാള ദിനം ആചരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം.എം. മണി എം.എല്‍.എ പറഞ്ഞു. ഇന്ത്യ ബഹുഭാഷാ രാജ്യമാണ്. നമ്മുടെ നാട്ടില്‍ എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാവില്ല. ഭാഷ അടിച്ചേല്‍പ്പിച്ചാല്‍ നാടിന്റെ സംസ്കാരവും ഐക്യവും നശിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.
ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ തങ്കമണി സ്വദേശി ബിന്ദുമോള്‍ പി. ടി., മുക്കുടം സ്വദേശി ആല്‍ബി ജോയ് എന്നിവരെ മന്ത്രി റോഷി അഗസ്റ്റിന് ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ പുരസ്കാരവും മന്ത്രി സമ്മാനിച്ചു.
ചടങ്ങില്‍ നല്ല മലയാളം ഡയറക്ടറും അധ്യാപകനുമായ അജയ് വേണു പെരിങ്ങാശ്ശേരി ഭാഷാ പോഷണ പ്രഭാഷണം നടത്തി. ഭാഷയുടെ സ്നേഹമലയാള ഭാവം നഷ്ടപ്പെട്ടതാണ് നല്ല മലയാളം ക്ഷയിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, സിബിച്ചന് തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം രാജു ജോസഫ്, എ.ഡി.എം. ഷൈജു പി. ജേക്കബ്, സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ. ആര്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്കുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം
- മലയാള ദിനവും ഭരണഭാഷാ വാരാഘോഷവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യുന്നു
- മലയാള ദിനാഘോഷത്തോടനുബന്ധിച്ച് ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ തങ്കമണി സ്വദേശി ബിന്ദുമോള്‍ പി. ടി., മുക്കുടം സ്വദേശി ആല്‍ബി ജോയ് എന്നിവര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന് പുരസ്കാരം സമ്മാനിക്കുന്നു
- മലയാള ദിനത്തോടനുബന്ധിച്ച് നല്ല മലയാളം ഡയറക്ടറും അധ്യാപകനുമായ അജയ് വേണു പെരിങ്ങാശ്ശേരി ഭാഷാ പോഷണ പ്രഭാഷണം നടത്തുന്നു.