കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ പണം അടങ്ങിയ ബാഗ് മോഷ്ടിച്ചു
കുമളി: രാത്രിയാത്ര അവസാനിപ്പിച്ച് ഡിപ്പോയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ പണം അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി.
കോട്ടയം-കുമളി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിന്‍റെ കണ്ടക്ടര്‍ രജീഷിന്‍റെ (40) പക്കല്‍നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. ബാഗില്‍ ടിക്കറ്റ് വരുമാനമായി ലഭിച്ച 17,196 രൂപയും മറ്റ് രേഖകളും ഉണ്ടായിരുന്നതായി കുമളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കോട്ടയത്തുനിന്ന് രാത്രി 11ന് കുമളി സ്റ്റാന്‍ഡിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം ബസ് കുളത്തുപാലത്തെ ഡിപ്പോയിലേക്ക് പോകുംവഴിയാണ് മോഷണം. ടൗണിലെ പെട്രോള്‍ പമ്ബിനു സമീപം വാഹനം നിര്‍ത്തി ഡ്രൈവര്‍ക്കൊപ്പം കണ്ടക്ടര്‍ ചായ കുടിക്കാന്‍ സമീപത്തെ പെട്ടിക്കടയില്‍ എത്തി.
ചായ കുടിക്കുന്നതിനിടെ അലമാരയില്‍നിന്ന് പലഹാരം എടുക്കാന്‍ തിരിഞ്ഞ സന്ദര്‍ഭത്തിലാണ് ബാഗ് നഷ്ടപ്പെട്ടതെന്ന് കണ്ടക്ടര്‍ പറഞ്ഞു. കടയിലെ ഭരണികള്‍ക്കു മുകളിലാണ് ഈ സമയം ബാഗ് വെച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്