ലോകത്തെ എല്ലാ രാജ്യങ്ങളും കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോഴും ഇപ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് ചൈന
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയായ ചൈന ഇപ്പോഴും കര്‍ശനമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘സീറോ കൊവിഡ്’ എന്ന ലക്ഷ്യമിട്ടാണ് ചൈന നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നത്.
സീറോ-കൊവിഡ് നയത്തിലൂടെ സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. സര്‍ക്കാരിനെതിരായ എല്ലാ അഭിപ്രായങ്ങളും രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ ബോളിവുഡിലെ ഒരു ഹിറ്റ് ഗാനമാണ് തങ്ങളുടെ ദുരവസ്ഥ വെളിവാക്കാനായി ചൈനക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഹിന്ദി സിനിമാ ഇതിഹാസം ബപ്പി ലാഹിരിയുടെ 1982ല്‍ പുറത്തിറങ്ങിയ ‘ഡിസ്‌കോ ഡാന്‍സര്‍’ എന്ന സിനിമയിലെ ‘ജിമ്മി ജിമ്മി ആജാ ആജാ’ എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണിത്.
ടിക് ടോക്കിന് സമാനമായ സമൂഹമാദ്ധ്യമങ്ങളിലാണ് ഇത് ഹിറ്റായിരിക്കുന്നത്. മാന്‍ഡരിന്‍ ഭാഷയില്‍ ‘ജീ മി, ജീ മി’ എന്ന് വരുന്ന രീതിയിലാണ് ഇത് ചൈനക്കാര്‍ പാടുന്നത്. ‘എനിക്ക് ചോറ് തരൂ, എനിക്ക് ചോറ് തരൂ’ എന്നാണ് ഇതിന്റെ അര്‍ത്ഥം. ലോക്ഡൗണ്‍ സമയത്ത് അവശ്യസാധനങ്ങള്‍ പോലും ലഭിക്കാത്ത സാഹചര്യമാണെന്ന് കാണിക്കുന്നതിനായി കാലിപ്പാത്രങ്ങള്‍ മുന്നില്‍ വച്ചാണ് പലരും ഈ പാട്ട് പാടി അഭിനയിക്കുന്നത്. രാജ്യത്തെ വിമര്‍ശിക്കുന്ന ഏതൊരു പോസ്റ്റും അതിവേഗം നീക്കം ചെയ്യപ്പെടാറുണ്ടെന്നും, എന്നാല്‍ ഈ പാട്ട് സെന്‍സര്‍മാരില്‍ നിന്ന് രക്ഷപെട്ട് നില്‍ക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.