അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം നാളെ അഞ്ചുമണിക്കൂര്‍ പ്രവര്‍ത്തിക്കില്ല; ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നാളെ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് മണിവരെ പ്രവര്‍ത്തിക്കില്ല.
സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. 1932ല്‍ വിമാനത്താവളം സ്ഥാപിതമായ കാലം മുതല്‍ പിന്തുടരുന്ന ഒരു നടപടിയാണിത്.
ക്ഷേത്രത്തിന്റെ പരമ്പരാഗത അവകാശികള്‍ തിരുവിതാംകൂര്‍ രാജവംശക്കാരാണ്. എല്ലാ വര്‍ഷവും പരമ്പരാഗത ആറാട്ടു ഘോഷയാത്രയുടെ (ആറാട്ടു ദേവതയുടെ ആചാരപരമായ കുളി) സമയത്ത് വിമാനത്താവളം അതിന്റെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നു. ഇത് വര്‍ഷത്തില്‍ രണ്ടുതവണ നടക്കുന്നുണ്ട്. മാര്‍ച്ചിനും ഏപ്രിലിനും ഇടയിലുള്ള പൈങ്കുനി ഉത്സവത്തിനും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുള്ള അല്‍പശി ഉത്സവത്തിനും.
ഘോഷയാത്രയില്‍ വിഷ്ണുവിഗ്രഹം എയര്‍പോര്‍ട്ടിന് പുറകിലുള്ള ശംഖുംമുഖം ബീച്ചിലേക്ക് കൊണ്ടുപോകും. ബീച്ചിലെ സ്‌നാനത്തിനുശേഷം, വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുപോകുന്നു. ഇതോടെ ഉത്സവം സമാപിക്കും..