മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടു ; 140 കിലോമീറ്ററിൽ കൂടുതൽ ഉള്ള റൂട്ടുകളിൽതാൽക്കാലിക പെർമിറ്റ് അനുവദിച്ചു ഉത്തരവായി
തിരുവനന്തപുരം: 140 കിലോമീറ്ററില്‍ അധികം ദൈർഘ്യമുള്ള റൂട്ടുകളിൽ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് താൽക്കാലികമായി പെർമിറ്റ് അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരായി. നാല് മാസത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കാൻ ആണ് തീരുമാനം.
ഇത്തരം സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു മന്ത്രി റോഷി അഗസ്റ്റിൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് കത്ത് നൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ ഇടപെടലിൽ ആണ് പ്രശ്നത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായത്. പുതിയ തീരുമാന പ്രകാരം ഇടുക്കിയില്‍ 80 ബസുകളുടെ പെര്‍മിറ്റ് ആണ് പുനഃസ്ഥാപിക്കപ്പെടുന്നത്.
പെർമിറ്റ് പുതുക്കേണ്ട എന്ന തീരുമാനം ഇടുക്കിയില്‍ യാത്രക്ലേശം രൂക്ഷമാക്കി എന്ന് മന്ത്രി റോഷി അഗസ്റ്റിൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മറയൂര്‍, കാന്തലൂര്‍, കോവിലൂര്‍, സൂര്യനെല്ലി, കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള യാത്രക്കാരെ പെർമിറ്റ് റദ്ദാക്കാനുള്ള തീരുമാനം പ്രതികൂലമായി ബാധിച്ചിരുന്നു. ഈ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി വളരെ കുറച്ചു സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലുള്ളവര്‍ കൂടുതലും ആശ്രയിക്കുന്നത് സ്വകാര്യ ബസ് സര്‍വിസുകളെയാണ്. ഇവ ഇല്ലാതാകുന്നത് സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെയും രാത്രി യാത്രക്കാരെയുമടക്കം ദുരിതത്തിലാക്കി എന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. തുടന്ന് മന്ത്രി ആന്റണി രാജു അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.