തൂക്കുപാലം അപകടം: ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗുജറാത്ത് സർക്കാർ
അഹമ്മദാബാദ്: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് 90ലധികം ആളുകൾ മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സംസ്ഥാന സർക്കാർ. നൂറ്റാണ്ടുകളോളം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പാലം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് ഇത് പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഗാന്ധിനഗറിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ പടിഞ്ഞാറുള്ള മോർബി പട്ടണത്തിലെ പാലത്തിൽ അപകടസമയത്ത് 500ഓളം ആളുകൾ ഉണ്ടായിരുന്നു. അവരിൽ 100ഓളം പേർ മച്ചു നദിയിലേക്ക് വീണു.
പാലം കഴിഞ്ഞയാഴ്ചയാണ് പുതുക്കി പണിതത്. സംഭവത്തിൽ ഞങ്ങളും ഞെട്ടിപ്പോയി,എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്,” സംസ്ഥാന തൊഴിൽ മന്ത്രി ബ്രിജേഷ് മെർജ പ്രതികരിച്ചു. ഉന്നത ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തകരും നാട്ടുകാരും അപകടത്തിലകപ്പെട്ടവരെ രക്ഷിക്കാൻ പാടുപെടുന്നതിനിടയിൽ നിരവധി ആളുകൾ തകർന്ന പാലത്തിന്റെ കൈവരികളിൽ പറ്റിപ്പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നു. ഭാഗികമായി വെള്ളത്തിനടിയിലായ പാലത്തിൽ നിന്ന് രക്ഷപ്പെടാൻ പലരും നീന്തുന്നതും വീഡിയോകളിൽ കാണാം. മുങ്ങൽവിദഗ്ധരെയും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. അപകടത്തിൽ മരിച്ചവരിൽ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. മോർബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് ഇന്നലെ വൈകീട്ട് 6.30ഓടെ തകർന്നത്. നാട്ടുകാർ തുടങ്ങിയ രക്ഷാ ദൗത്യം പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളെത്തി ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ മോർബിയിലേക്ക് തിരിച്ചിട്ടുണ്ട്. രാഷ്ട്രപതി അടക്കം നിരവധി പേർ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി.