സഞ്ചാരികളെ കാത്ത് കുറിച്യര്‍മല വെള്ളച്ചാട്ടം
പൊഴുതന: പ്രകൃതി മനോഹാരിതയുടെ നടുവില്‍ സഞ്ചാരികളെ കാത്തുകഴിയുകയാണ് കുറിച്യര്‍മല വെള്ളച്ചാട്ടം. ഇതിനായി പ്രദേശത്ത് അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
സൗകര്യമൊരുക്കിയാല്‍ സഞ്ചാരികളൊഴുകിയെത്തുമെന്നതും പൊഴുതന പഞ്ചായത്തിന് അധിക വരുമാനവും ആളുകള്‍ക്ക് തൊഴില്‍ സാധ്യതക്ക് സാഹചര്യവുമാവുമാവുമെന്നതുമാണ് നാട്ടുകാരുടെ പ്രതീക്ഷ.
നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളുള്ളതും പൊഴുതന പഞ്ചായത്തിലെ സ്വകാര്യ എസ്റ്റേറ്റില്‍ ഉള്‍പ്പെട്ടതുമായ ഈ വെള്ളച്ചാട്ടം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ കുറിച്യര്‍മല മലനിരകളില്‍നിന്ന് ഒഴുകിയെത്തുന്ന ഇവിടെ കടുത്ത വേനലിലും വെള്ളം സുലഭമാണ്.
പൊഴുതാന ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കുറിച്യര്‍മല തേയില ഫാക്ടറിക്ക് സമീപമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തിയാല്‍ ഹൈറേഞ്ചിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇവിടം മാറും. വെള്ളച്ചാട്ടത്തിന്റെ സമീപമുള്ള സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി സാഹസിക വിനോദ സഞ്ചാര കേന്ദ്രമാക്കിയാല്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാകും.