റെയിൽവേ ട്രാക്കുകളിൽ വന്യജീവി ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്രം
റെയിൽവേ ട്രാക്കുകളിൽ വന്യജീവി ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. കടുവകളും കാട്ടാനകളും ധാരാളമായി സഞ്ചരിക്കുന്ന നൂറോളം റൂട്ടുകളിലാണ് ഈ ഇടനാഴികൾ സ്ഥാപിക്കുക. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വന്യജീവി ഇടനാഴി ആരംഭിക്കാൻ നിർദ്ദേശം നൽകിക്കൊണ്ടായിരുന്നു ഇത്.
ട്രാക്കുകൾ മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് വന്യജീവികൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നത് പതിവാണ്. ഓഗസ്റ്റ് 17ന് റെയിൽവേ മന്ത്രിയുടെ അധ്യക്ഷതയിൽ ഈ വിഷയം ചർച്ച ചെയ്തു. എന്നാൽ, ചർച്ചകളുടെ വിശദാംശങ്ങൾ പുറത്തു വന്നിട്ട് അധികം നാളായില്ല. വനംവകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
വിദർഭ മേഖലയിൽ ട്രെയിനുകൾ ഇടിച്ച് കടുവകൾ നിരന്തരം ചത്തൊടുങ്ങുകയാണ്. ഇതേതുടർന്ന് പരിസ്ഥിതി പ്രവർത്തകരും സംഘടനകളും കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ട് പ്രശ്നപരിഹാരം തേടി. നൂറോളം സ്ഥലങ്ങളിൽ ഇത്തരം ഇടനാഴികൾ സ്ഥാപിക്കുന്നത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.