കെഎസ്ആർടിസി ബസുകൾ ഇനി ‘സ്ലീപ്പർ’; 6,500 കിടക്കകളുള്ള താമസ സൗകര്യമൊരുക്കും
മലപ്പുറം: പഴയ ബസുകൾ പൊളിക്കുന്നതിനുപകരം സ്ലീപ്പർ ബസുകളാക്കി മാറ്റി സംസ്ഥാനത്തുടനീളം 6,500 കിടക്കകളുള്ള താമസസൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. മൂന്നാറിലും ബത്തേരിയിലും വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം എല്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. കെ.എസ്.ആർ.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോഴുള്ള പ്രധാന പദ്ധതികളിലൊന്നാണിത്.
മൂന്നാറിലും ബത്തേരിയിലുമായി 200 കിടക്കകളുള്ള ബസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഡിപ്പോയിൽ തന്നെ പാർക്ക് ചെയ്യുന്ന പ്രത്യേകം ക്രമീകരിച്ച ബസുകളിൽ താമസസൗകര്യം ഒരുക്കും. കുറഞ്ഞ ചെലവിൽ ജീവിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ശൗചാലയങ്ങളും മറ്റ് സൗകര്യങ്ങളും ഡിപ്പോയിൽ തന്നെ ഒരുക്കും. നിലവിൽ പഴയ ബസുകൾ പൊളിച്ചാൽ 75,000 മുതൽ 1.50 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്.
പകരം 3-4 ലക്ഷം രൂപ മുടക്കി ഇവ സ്ലീപ്പർ ബസുകളാക്കി മാറ്റിയാൽ ആറുമാസത്തിനുള്ളിൽ നിക്ഷേപം തിരികെ ലഭിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്കുകൂട്ടൽ. ഇന്ധനമോ മറ്റ് വലിയ ചെലവുകളോ ഇല്ലാത്തതിനാൽ ചാലക്കുടി, കൽപ്പറ്റ, മാനന്തവാടി, നിലമ്പൂർ തുടങ്ങിയ യൂണിറ്റുകളിൽ ഇത്തരം ബസുകളുടെ സാധ്യത പരിശോധിച്ചിട്ടുണ്ട്. സ്ലീപ്പർ ബസുകൾ ക്രമീകരിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. മേൽനോട്ടവും നടത്തിപ്പും അതത് ഡിപ്പോകളുടെ ഉത്തരവാദിത്തമാണ്. വരുമാനവും ഡിപ്പോകളുടെ കണക്കിൽ വരും.