ചട്ട ലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് ഫിറ്റ്നസ് റദ്ദാക്കി
പീരുമേട്: തിരുവനന്തപുരം നെടുമങ്ങാട് നിന്നും സ്കൂൾ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസുകളിൽ രണ്ടെണ്ണം നിയമ ലംഘനം നടത്തിയതായി കണ്ടെത്തി. കൊടെ ക്കനാലിലേക്ക് വിനോദ യാത്ര പോകുന്നതിന് മുമ്പായി നെടുമങ്ങാട് ആർ ടി ഒ ഓഫിസിൽ നിന്ന് ഇവർ ഫിറ്റ്നസ് സമ്പാദിച്ചിരുന്നു. എന്നാൽ തമിഴ് നാട്ടിൽ എത്തിയ ശേഷം അതി ശക്തമായ സ്പീക്കറും ലൈറ്റുകളും പിടിപ്പിച്ച് റോഡ് ഷോ നടത്തുന്നതായി എൻഫോഴ്സ്മെന്റ് ആർ ടി ഒ ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഗേജ് ബോക്സിനുള്ളിൽ നിന്ന് ശക്തിയേറിയ മ്യുസിക്ക് സിസ്റ്റം, ലൈറ്റ് ഫിറ്റിംഗുകൾ എന്നിവ കണ്ടെത്തുകയായിരുന്നു. അനുവദനിയമല്ലാത്ത ഏസി പ്രവർത്തിക്കുന്നതിനായി ശക്തിയേറിയ ഒരു മോട്ടാർ സംവിധാനം മറ്റാരു വാഹനത്തിൽ പിടിപ്പിച്ചിരുന്നതും കണ്ടെത്തി. എൻഫോഴ്സ്മെന്റ് ഉദ്ദ്യോഗസ്ഥനായ നസിറിന് ലഭിച്ച വിഡിയോ പരാതിപ്രകാരമാണ് പീരുമേട് എം വി ഐ അനിൽകുമാർ ഏഎം വി ഐ ജിനു ജേക്കബ് എന്നിവർ ചേർന്ന് വാഹന പരിശോധന നടത്തിയത്. ക്രമേക്കേട് കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും നിയമാനുസൃതമല്ലാതെ പിടിപ്പിച്ചിരുന്ന എല്ലാ ഉപകരണങ്ങളും ഊരി മാറ്റി നെടുമങ്ങാട് ആർ ടി ഒ യെ കാണിക്കാൻ നിർദേശം നൽകി വാഹനം വിട്ടയച്ചു.