ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പുതിയ ബാച്ചില്‍ ആദ്യം അഡ്മിഷന്‍ എടുത്ത് ഇരട്ട സഹോദരന്‍മാര്‍
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ 2022-27 അധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നത് ഇരട്ടി മധുരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പുതിയ ബാച്ചില്‍ ആദ്യം അഡ്മിഷന്‍ എടുത്തത് ഇരട്ട സഹോദരന്‍മാരായ സൂര്യദേവും ഹരിദേവുമാണ്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. ഇ.എസ്. ഗ്ലിഡ ഇരുവര്‍ക്കും അഡ്മിഷന്‍ സ്ലിപ്പ് നല്‍കിയതോടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് തുടക്കമായി.
നവംബര്‍ മൂന്നാം വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കും. അതിനു മുന്നോടിയായി മെഡിക്കല്‍ കോളജ് വികസന സമിതിയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ക്ലാസുകള്‍ ആരംഭിക്കും മുന്‍പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇടുക്കിയിലെത്തി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഘട്ടം ഘട്ടമായുള്ള വികസനമാണ് പദ്ധതിയിടുന്നത്. ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഒരുക്കള്‍ ഏറെക്കുറേ പൂര്‍ത്തിയായി കഴിഞ്ഞു. കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്നു ആശുപത്രി വികസന സമിതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഒത്തുചേര്‍ന്ന പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, വാഹന സൗകര്യം തുടങ്ങിയവ ഏര്‍പ്പാടാക്കി കഴിഞ്ഞു. പുതുതായി നിര്‍മ്മിച്ച ആശുപത്രി ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാക്കി. ജില്ലാ ആശുപത്രിയുടെ പരിമിത സൗകര്യങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി പൂര്‍ണ സജ്ജീകരണത്തിലേക്ക് എത്താനാണ് ശ്രമം എ്ന്നും മന്ത്രി പറഞ്ഞു.
അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഓരോ വര്‍ഷവും ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്നും നൂറ് ഡോക്ടര്‍മാര്‍ നമ്മുടെ നാടിന് സംഭാവന ചെയ്യാനാകുന്നത് അഭിമാനകരമാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടുക്കിക്ക് നല്‍കിയ മുഖ്യ പരിഗണയുടെ പരിണിത ഫലമാണ് ഈ വര്‍ഷം പ്രവേശനമെടുക്കനായത് എന്നും മന്ത്രി പറഞ്ഞു.