പ്രധാന വാര്‍ത്തകള്‍
രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനമെന്ന നേട്ടവുമായി ഐഐടി ബോംബെ
മുംബൈ: ഐഐടി ബോംബെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള പട്ടികയിൽ ഇടം നേടി. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്- 2023 പട്ടികയിൽ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഐഐടി-ബോംബെയെ തിരഞ്ഞെടുത്തു. തൊഴിൽ ലഭ്യത, സാമൂഹിക പ്രതിബദ്ധത, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
281-300 റാങ്കുകളിലാണ് ബോംബെ ഐഐടിയുടെ സ്ഥാനം. ഡൽഹി ഐഐടി (321-340), ജവഹർലാൽ നെഹ്റു സർവകലാശാല (361-380) എന്നിവയാണ് ഇന്ത്യയിലെ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സ്ഥാപനങ്ങൾ.
കോഴ്സ് പൂർത്തിയാക്കുന്നവരുടെ തൊഴിൽ ലഭ്യതയുടെ കാര്യത്തിൽ ഐഐടി ബോംബെ ആഗോളതലത്തിൽ ആദ്യ 100ൽ ഇടം നേടിയിട്ടുണ്ട്. ഡൽഹി ഐഐടിക്ക് ജോലി ലഭ്യതയും പഠനാന്തരീക്ഷവും സഹായകമായപ്പോൾ, ജെഎൻയു ലിംഗസമത്വത്തിനും അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും വേണ്ടി നിലകൊണ്ടതിലാണ് മികച്ച് നിന്നത്.