അവകാശം അതിവേഗം; അവകാശ രേഖകളുടെ വിതരണോദ്ഘാടനം നടത്തി


‘അവകാശം അതിവേഗം’ അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി അടിസ്ഥാന അവകാശ രേഖകളുടെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് തല വിതരണം ഉദ്ഘാടനം പ്രസിഡന്റ് പി കെ രാമചന്ദ്രന് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പരിധിയിലുള്ള അതിദരിദ്രരുടെ അവകാശ രേഖകള്‍ നല്കല് പൂര്‍ത്തിയാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മാത്യു പി.റ്റി. യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ നല്കിയ പള്‍സ് ഓക്സിമീറ്റര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്മിണി ഗോപാലകൃഷ്ണന് കൈമാറി.
പരമ ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കി അവ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ അതിദരിദ്രരില്ലാത്തതും ഗുണനിലവാരമുള്ള ജീവിതം നയിക്കുന്നതുമായ ജനസമൂഹമാക്കി മാറ്റും. പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നീ അവകാശരേഖകള്‍ നല്‍കുന്നതിനുളള ‘അവകാശം അതിവേഗം’ ക്യാമ്പയിന് ഊര്‍ജ്ജിതമായി തുടരുകയാണ്. അക്ഷയ, റവന്യൂ, സിവില്‍ സപ്ലൈസ്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് രേഖകള്‍ അതിവേഗത്തില്‍ തയ്യാറാക്കുന്നത്.
ചക്കുപളളം പഞ്ചായത്തില്‍ 35 പേരാണ് അതിദരിദ്ര്യരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ നാല് പേര് മരണപ്പെട്ടു. അവശേഷിക്കുന്ന 31 പേരില്‍ രണ്ട് പേര്‍ക്കാണ് ആധാര്‍കാര്‍ഡും റേഷന്‍കാര്‍ഡും ഇല്ലാതിരുന്നത്. ഇവര്‍ക്ക് രേഖകള്‍ ലഭ്യമാക്കി. പെന്ഷന് ഇല്ലാതിരുന്ന മൂന്നു പേര്‍ക്ക് പെന്ഷന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ സൗകര്യം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു അനില്‍കുമാര്‍, ജോസ് പുതുമന, അന്നക്കുട്ടി വര്‍ഗീസ്, സൂസന് മാത്യു, അസിസ്റ്റന്റ് സെക്രട്ടറി സ്റ്റാലിന് ജോസ്, വിഇഒ റീനാമോള്‍ ചാക്കോ, പഞ്ചായത്ത് ജീവനക്കാര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ചിത്രം- അവകാശ രേഖകളുടെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത്തല വിതരണോദ്ഘാടനം