ശവക്കല്ലറയിൽനിന്ന് പെൺകുട്ടിയുടെ തല മുറിച്ചെടുത്തു; ആഭിചാരപ്പേടിയിൽ തമിഴ്നാട്


ചെന്നൈ • ശവക്കല്ലറയിൽനിന്നു പത്തു വയസ്സുകാരിയുടെ തല അജ്ഞാതർ കവർന്നു. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ ചിത്രവാടി ഗ്രാമത്തിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണു തല മുറിച്ചെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ആറാം ക്ലാസ് വിദ്യാർഥിനി കൃതിക വീടിനു പുറത്തു കളിക്കുമ്പോൾ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ മാസം അഞ്ചിനായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ 14ന് മരിച്ചു. കൃതികയുടെ കല്ലറയിൽനിന്നാണു തല കവർന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സംസ്കാരം കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണു സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നു മാതാപിതാക്കളായ പാണ്ഡ്യനും നാദിയയും പറഞ്ഞു. കല്ലറയിൽ സംശയകരമായ ഇടപെടലുണ്ടെന്നു തോന്നി തുറന്നു പരിശോധിച്ചപ്പോഴാണു തല കാണാനില്ലെന്നു മനസ്സിലായത്. ഉടനെ പൊലീസിൽ പരാതി നൽകി.
ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ കയ്യുറകളും ടോർച്ചും കല്ലറയുടെ സമീപത്തുനിന്നു കണ്ടെത്തി. അപൂർവമായ സംഭവത്തിന്റെ ആശങ്കയിലാണു നാട്ടുകാർ. മന്ത്രവാദം ഉൾപ്പെടെയുള്ള ആഭിചാരക്രിയകളുടെ ഭാഗമാണോ അതോ ശത്രുത കാരണമാണോ കുട്ടിയുടെ മൃതദേഹത്തിന്റെ തല വിഛേദിച്ചത് തുടങ്ങിയ വിവിധ വശങ്ങൾ പരിശോധിക്കുകയാണെന്നു ചിറ്റമൂർ പൊലീസ് പറഞ്ഞു.