ഡിജിറ്റല്‍ സര്‍വ്വെ ജില്ലാ ഉദ്ഘാടനം നവം. ഒന്നിന്കളക്ട്രേറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും


സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വ്വെ പദ്ധതി – ‘എന്റെ ഭൂമി’- യുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ഡിജിറ്റല്‍ റീസര്‍വ്വേയിലൂടെ ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ഒരു ആധികാരിക രേഖയാണ് ലഭ്യമാകുന്നത്.'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി 4 വര്‍ഷം കൊണ്ട് കേരളത്തെ ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ സര്‍വ്വെ ചെയ്ത് കൃത്യമായ സര്‍വ്വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകളും നൂതന സര്‍വ്വെ ഉപകരണങ്ങളും ഉപയോഗിച്ചു കൊണ്ട് ബഹുജന പങ്കാളിത്തത്തോടെ 'എന്റെ ഭൂമി' എന്ന പേരില്‍ സംസ്ഥാനത്ത് മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുവാനും, അതു സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വന്തം ഭൂമിയുടെ കൃത്യമായ അളവും, തര്‍ക്കമില്ലാത്ത അവകാശ രേഖയും ഒരു പൗരന്റെ അവകാശമാണ്. സംസ്ഥാനത്ത് റീസര്‍വ്വെ നടപടികള്‍ 1966 ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം മൂലം 56 വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ 200 വില്ലേജുകള്‍ ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സര്‍വ്വെയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
ഇടുക്കി ജില്ലയില്‍ വാത്തിക്കുടി, ഇടുക്കി, പെരുവന്താനം, മഞ്ചുമല, പെരിയാര്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, രാജാക്കാട്, ചിന്നക്കനാല്‍, ചതുരംഗപ്പാറ, കല്‍ക്കൂന്തല്‍, ഇരട്ടയാര്‍, കരുണാപുരം എന്നീ 13 വില്ലേജുകളാണ് ആദ്യഘട്ട ഡിജിറ്റല്‍ സര്‍വ്വെയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇടുക്കി താലൂക്കിലെ വാത്തിക്കുടി വില്ലേജിലാണ് ആദ്യഘട്ട സര്‍വ്വെ നടപടികള്‍ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായുള്ള ബോധവത്ക്കരണ പരിപാടികള്‍ക്ക് (സര്‍വ്വെസഭ) ജില്ലയില്‍ ഒക്ടോബര്‍ 12 ന് ആരംഭിച്ചു. ഇരട്ടയാര്‍ വില്ലേജിലാണ് ആദ്യഘട്ട ബോധവത്ക്കരണ പരിപാടികള്‍ നടത്തിയത്. 30 വരെ സര്‍വ്വെസഭകള്‍ ചേരും. ഡ്രോണ്‍, ജി.പി.എസ്, ആര്‍.ടി.കെ, ടോട്ടല്‍ സ്റ്റേഷന്‍ എന്നിങ്ങനെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് റീസര്‍വ്വെ ജോലികള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുളളത്. ഇടുക്കി ജില്ലയില്‍ മൂന്നാറിലും പാമ്പാടുംപാറയിലുമാണ് കോര്‍സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സര്‍വ്വെ ധ്രുതഗതിയില്‍ നടപ്പിലാക്കുവാനായി കരാര്‍ അടിസ്ഥാനത്തില്‍ 170 സര്‍വ്വെയര്‍മാരെയും 341 ഹെല്‍പ്പര്‍മാരെയും നിയമിക്കും. ഇതിന്റെ ഭാഗമായി എഴുത്ത് പരീക്ഷ നടത്തി 222 സര്‍വ്വെയര്‍മാരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും അഭിമുഖം നവംബര്‍ മാസം 2, 3 തീയതികളിലുമായിരിക്കും. 341 ഹെല്‍പ്പര്‍മാരുടെ എഴുത്ത് പരീക്ഷ ക്ടോബര്‍ 30 ന് നടത്തും.