ആഞ്ജലീനയാകാൻ പ്ലാസ്റ്റിക് സര്‍ജറി; ജയിലിലായ ഇറാനിയൻ യുവതി മോചിതയായി


ഹോളിവുഡ് താരം ആഞ്ജലീന ജോളിയെപോലെയാകാൻ നിരവധി തവണ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായെന്ന് അവകാശപ്പെടുകയും പ്ലാസ്റ്റിക് സർജറി തന്‍റെ മുഖം പൂർണ്ണമായും വികൃതമാക്കിയെന്ന് കാണിക്കാൻ അത്തരം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തതിന് അറസ്റ്റിലായ ഇറാനിയൻ യുവതി ജയിൽ മോചിതയായി. കേസുമായി ബന്ധപ്പെട്ട് 2019ലാണ് സബർ തബർ ജയിലിലായത്. ഇവർക്കൊപ്പം മറ്റ് മൂന്ന് വനിതാ സോഷ്യൽ മീഡിയ (ഇൻസ്റ്റാഗ്രാം) ഇൻഫ്ലുവൻസർമാരും ഈ സമയത്ത് ജയിലിലായിരുന്നു.
ഇറാനിൽ മഹ്സ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തെ തുടർന്നുണ്ടായ വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമാണ് സഹറിന്‍റെ മോചനം എന്നാണ് റിപ്പോർട്ടുകൾ. മുടി ഭാഗികമായി പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ചാണ് മഹ്സ അമിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം അവർ മരണപ്പെട്ടു.
സംഭവത്തിൽ ഇറാനിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ചരിത്രപ്രാധാന്യമുള്ള ഒരു സ്ത്രീ മുന്നേറ്റമായി അത് മാറി. ഇറാനിലെ പ്രതിഷേധം അന്താരാഷ്ട്രതലത്തിലും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന്‍റെ ഭാഗമായി സഹർ തബർ ഉൾപ്പെടെ നിരവധി പേർ ജയിൽ മോചിതരായി എന്നാണ് റിപ്പോർട്ടുകൾ.