മൂന്നാര്‍ ടൗണില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ ഗ്രാമപഞ്ചായത്ത് നീക്കാൻ തുടങ്ങി


മൂന്നാര്‍ ടൗണിലെ പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടതും അനാഥമായി കിടന്നിരുന്നതുമായ വാഹനങ്ങള്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ നീക്കുന്ന നടപടി ആരംഭിച്ചു. പാതയോരങ്ങളില്‍ വഴി മുടക്കി അനാഥമായി കിടന്നിരുന്ന വാഹനങ്ങള്‍ നീക്കുന്നതിലൂടെ വാഹനഗതാഗതവും കാല്‍നടയാത്രയുമൊക്കെ കൂടുതല്‍ സുഗമമാക്കാമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയില്‍ മൂന്നാര്‍ ടൗണിന്റെ വിശാലതയും ഭംഗിയും വീണ്ടെടുക്കാന്‍ ഗ്രാമപഞ്ചായത്തിന്റെ ഇടപെടല്‍ സഹായിക്കും. ഒക്ടോബർ പതിനഞ്ചിന് മുമ്പായി ടൗണിലും പരിസരപ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന വാഹനങ്ങള്‍ക്ക് അവകാശികളുണ്ടെങ്കില്‍ അവ നീക്കം ചെയ്യണമെന്ന് സൂചിപ്പിച്ച് ഗ്രാമപഞ്ചായത്തധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. നോട്ടീസ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളില്‍ പതിപ്പിച്ചതിനൊപ്പം ഇതരമാര്‍ഗ്ഗങ്ങളിലൂടെയും പ്രചാരണം നടത്തിയിരുന്നു. സമയപരിധി അവസാനിച്ചിട്ടും നീക്കം ചെയ്യാത്ത വാഹനങ്ങളാണ് ഗ്രാമപഞ്ചായത്തധികൃതർ നീക്കം ചെയ്തത്. പെട്ടിക്കടകള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ തുടങ്ങിയവയൊക്കെയും പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവയില്‍ ഉണ്ടായിരുന്നു. വാഹനങ്ങള്‍ താല്‍ക്കാലികമായി പഴയമൂന്നാറിലെ പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് മാറ്റിയത്. ടൗണിന് പുറമെ മൂന്നാര്‍ കോളനി ഭാഗത്തു നിന്നും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കിയിട്ടുണ്ട്. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എന്‍. സഹജന്റെയും മറ്റ് ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെയും നേതൃത്വത്തിലായിരുന്നു വാഹനങ്ങള്‍ നീക്കം ചെയ്തത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കുന്ന നടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എന്‍. സഹജന്‍ പറഞ്ഞു.
ചിത്രം: പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന വാഹനങ്ങള്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു.