ഭൂപതിവ് ചട്ട ഭേദഗതികേരളാ കോണ്‍ഗ്രസ് (എം) സമരത്തിലേക്ക്
ചെറുതോണി : ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് തടസ്സമായി നില്‍ക്കുന്ന ഉദ്യോഗസ്ഥലോബിക്കെതിരെ നടപടി സ്വീകരിക്കണമെന്നും 1964, 1993 ഭൂപതിവ് ചട്ടങ്ങളില്‍ സമയബന്ധിതമായി നിയമഭേദഗതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ ധര്‍ണ്ണാസമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ അറിയിച്ചു.. ഇതര ജില്ലകളില്‍ നിന്നും വരുന്ന റെവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ കുടിയേറ്റ കര്‍ഷകരെ കൈയ്യേറ്റക്കാരായി ചിത്രീകരിച്ച് രേഖകള്‍ സൃഷ്ടിക്കുന്നത് ജില്ലയുടെ നിലനില്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. പട്ടയനടപടികളിലും അനാവശ്യ തടസ്സവാദങ്ങളുന്നയിച്ച് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ഇല്ലാതാക്കുകയാണെന്നും ജില്ലാകമ്മിറ്റി ചര്‍ച്ച ചെയ്തു. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിസഭാ അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നല്‍കുന്നതിന് റെവന്യൂ വകുപ്പ് മേധാവികള്‍ തയ്യാറാകുന്നില്ലെന്നും ജില്ലാകമ്മിറ്റി ആരോപിച്ചു.
മുഖ്യമന്ത്രി നേരിട്ട് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥ ലോബിയാണ് ഇടുക്കിയില്‍ ഉള്ളതെന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.
ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഭൂപ്രശ്നം കേരളം മുഴുവന്‍ ബാധകമാക്കിയതിനു പിന്നില്‍ യു.ഡി.എഫിന്‍റെ ഏതാനും ജനപ്രതിനിധികളാണ്. പരിസ്ഥിതിയുടെ പേരില്‍ ഇടുക്കിക്കെതിരെ കോടതിയെ സമീപിക്കുന്ന തിരുവാങ്കുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളും ചേര്‍ന്ന് കോടതിയില്‍ പോയതിന്‍റെ അനന്തരഫലമാണ് ജില്ലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ഭൂപ്രശ്നം. ഇത്തരം കടലാസ് സംഘടനകളും കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധത്തിന് ഉദ്യോഗസ്ഥ തലത്തില്‍ കൂട്ടുനില്ക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്.
ഇടുക്കി താലൂക്ക് പരിധിയില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിരവധി കര്‍ഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുകയും തണ്ടപ്പേര്‍ ചേര്‍ത്ത് കരം അടക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ പട്ടയഭൂമി ഈട് വെച്ച് വായ്പ എടുക്കുന്നതിനായി നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നല്‍കുന്ന അപേക്ഷകള്‍ ഇടുക്കി താലൂക്ക് ഓഫീസില്‍ നിന്നും യാതൊരുകാരണവും കൂടാതെ നിരസിക്കുകയാണ്.
നവംബര്‍ മാസം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ്ണാസമരങ്ങള്‍ നടത്തും. കേരളപ്പിറവി ദിനത്തില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി സമരം നടത്തും. ഭൂപതിവ് ചട്ട ഭേദഗതി വൈകുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ ജില്ലയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ സമരങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗം പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്സ് കോഴിമല, നേതാക്കളായ രാരിച്ചന്‍ നീറണാകുന്നേല്‍, അഡ്വ. മനോജ് എം. തോമസ്, അഡ്വ. എം.എം മാത്യു, കുര്യാക്കോസ് ചിന്തര്‍മണി, ഷിജോ തടത്തില്‍, ജെയിംസ് മ്ലാക്കുഴി, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, ടോമി പകലോമറ്റം, ബാബു കക്കുഴി, കെ.എന്‍ മുരളി, ജോസ് കുഴികണ്ടം, ടി.പി മല്‍ക്ക, കെ.ജെ സെബാസ്റ്റ്യന്‍, ജോമോന്‍ പൊടിപാറ, ജോര്‍ജ്ജ് അമ്പഴം, സെലിന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.