തടാകം നീന്തിക്കടന്ന് ആനക്കൂട്ടം മനംനിറഞ്ഞ് സഞ്ചാരികൾ
കുമളി: വനത്തിനുള്ളില്‍നിന്ന് ഇറങ്ങിവന്ന ആനക്കൂട്ടം തടാകത്തിലേക്കിറങ്ങിയതോടെ സഞ്ചാരികള്‍ക്ക് ആകാംക്ഷയും ആശങ്കയും.
ആനക്കൂട്ടത്തെ കണ്ട് നിര്‍ത്തിയിട്ട ബോട്ടിനരികിലൂടെ ആനകള്‍ തടാകം നീന്തി മറുകരയിലെത്തിയതോടെ ആശങ്ക ആഹ്ലാദമായി മാറി.തേക്കടി തടാകത്തില്‍ ബോട്ട് സവാരി നടത്തി മടങ്ങിയ സഞ്ചാരികള്‍ക്ക് മനംനിറഞ്ഞ കാഴ്ചയായി മാറി ആനകളുടെ സവാരി. ദീപവലിയോടനുബന്ധിച്ച അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തിയ സഞ്ചാരികളുടെ തിരക്കിലാണ് തേക്കടി. സംസ്ഥാനത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് പുറമെ, തമിഴ്നാട്, കര്‍ണാടക, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സഞ്ചാരികളും ധാരാളമായി തേക്കടിയിലേക്ക് എത്തുന്നുണ്ട്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നിറഞ്ഞുകിടക്കുന്ന തേക്കടി തടാകത്തിന്റെ തീരത്ത് ഇപ്പോള്‍ അപൂര്‍വമായി മാത്രമാണ് ആനകളെ കാണുന്നത്.
പുല്‍മേടുകളും തീരങ്ങളും വെള്ളത്തിനടിയിലായതോടെ ആനകള്‍, മ്ലാവ്, കാട്ടുപോത്ത് എന്നിവയെല്ലാം തീറ്റതേടി മല കയറി തുടങ്ങി. തടാകത്തിലെ ബോട്ട് സവാരി സഞ്ചാരികള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും ആനക്കൂട്ടത്തെ കാണാനാവത്തത് സഞ്ചാരികളില്‍ വലിയ നിരാശ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ തടാകതീരത്ത് ആനകള്‍ എത്തിത്തുടങ്ങിയത് സഞ്ചാരികള്‍ക്കും വിനോദസഞ്ചാര മേഖലക്കും ഏറെ സന്തോഷത്തിന് വഴിയൊരുക്കിയിട്ടുണ്ട്.