കാട്ടിറച്ചി കൈവശംവെച്ചെന്ന് കേസ് ; തന്നെ കുടുക്കിയതെന്ന് ആദിവാസി യുവാവ്
തൊടുപുഴ: കാട്ടിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി. ഇടുക്കി കണ്ണംപടി സ്വദേശി സരുണിനെയാണ് വനംകുപ്പ് കേസില്‍ കുടുക്കിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് കേസില്‍ കുടുക്കിയതെന്ന് സരുണ്‍ ആരോപിക്കുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സരുണ്‍. കേസില്‍ പെട്ടതോടെ സര്‍ക്കാര്‍ ജോലി സാധ്യത ഇല്ലാതാകുമെന്നും സരുണ്‍ പറയുന്നു.
മറ്റൊരു വീടിന്റെ പരിസരത്തുനിന്ന് കണ്ടെടുത്ത ഇറച്ചി സരുണിന്റെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കുകയായിരുന്നെന്നാണ് പരാതി. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇത് കള്ളക്കേസാണെന്ന സംശയം പ്രകടിച്ചിരുന്നെന്നും എന്നാല്‍, പിന്നീട് ഫോറസ്റ്റര്‍ തന്നെ കേസ് കൈകാര്യം ചെയ്യുകയും യുവാവിനെ ജയിലിലേക്കയക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആദിവാസി സംയുക്തസമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.