ഓട കൈകൊണ്ട് വൃത്തിയാക്കിയ മുരുകനെ വീട്ടിലെത്തി ആദരിച്ച് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡരികിലെ അഴുക്കുചാൽ കൈകൊണ്ട് വൃത്തിയാക്കിയ ശുചീകരണത്തൊഴിലാളി മുരുകനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി ആദരിച്ചു. മാലിന്യമുക്തമായ കേരളം എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ നീങ്ങുമ്പോൾ മുരുകന്‍റേത് പ്രചോദനാത്മകമായ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും മന്ത്രിയെ അനുഗമിച്ചു. രാജേന്ദ്രൻ അഴുക്കുചാൽ വൃത്തിയാക്കുന്ന ചിത്രങ്ങളും മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
മന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റിലെ കുറിപ്പ്:
“തിരുവനന്തപുരത്ത് മഴവെള്ളം റോഡില്‍ നിന്ന് നീക്കാൻ ശ്രമിക്കുന്ന ശുചീകരണത്തൊഴിലാളിയുടേതാണ് മാധ്യമങ്ങളിൽ വന്ന ഈ ചിത്രം. അഴുക്കുചാലിൽ അടഞ്ഞുകിടന്നിരുന്ന ചെളി മൺവെട്ടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിയാത്തതിനാൽ കൈകളുടെ സഹായത്തോടെയായിരുന്നു ശ്രമം. പ്രതിബദ്ധതയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിക്കുന്ന തൊഴിലാളി ആരാണെന്ന് മേയർ ആര്യ രാജേന്ദ്രനോട് അന്വേഷിച്ചപ്പോളാണ് മുരുകനെക്കുറിച്ച് അറിയുന്നത്. വൈകുന്നേരം മുരുകനെ വീട്ടിൽ ആദരിച്ചു.”