നിമിഷയ്ക്ക് കൃഷി ബെസ്റ്റ് ഓപ്ഷൻ; മധുര ഗാഥയായി കാന്താരി
തൊടുപുഴ: വിളകള്‍ക്ക് വിലയില്ല, അതല്ലെങ്കില്‍ ചെയ്യുന്ന കൃഷിയൊക്കെ കീടങ്ങളും കാട്ടുമൃഗങ്ങളും നശിപ്പിക്കുന്നു തുടങ്ങിയ കയ്പേറിയ അനുഭവങ്ങളാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് കൂടുതലും.
എന്നാല്‍, പരീക്ഷണാര്‍ഥം തന്റെ പറമ്ബില്‍ നട്ട കാന്താരി കൃഷിയുടെ ‘മധുര’ കഥയാണ് നിമിഷ എന്ന യുവകര്ഷകക്ക് പറയാനുള്ളത്.
ഇടുക്കി തങ്കമണി നെല്ലിപ്പാറ മഞ്ഞപ്പള്ളില്‍ നിമിഷ ബി.കോം പഠനശേഷം അക്കൗണ്ടന്റായി ജോലിക്ക് കയറിയെങ്കിലും ഇത്രയൊക്കെ ടെന്‍ഷന്‍ വേണോ എന്ന ചിന്തയില്‍ അവിടെ നിന്ന് ബൈ പറഞ്ഞു. പാരമ്ബര്യമായി കര്‍ഷക കുടുംബത്തിലെ അംഗമായതിനാല്‍ പറമ്ബില്‍ കൃഷി തുടങ്ങുക എന്ന ബെസ്റ്റ് ഓപ്ഷന് തെരഞ്ഞെടുക്കാന്‍ നമിഷക്ക് അധിക സമയവും വേണ്ടി വന്നില്ല.
ഒട്ടേറെ കൃഷികളെക്കുറിച്ച് ആലോചിച്ച ശേഷമാണ് കാന്താരി കൃഷിയെക്കുറിച്ച് കേള്‍ക്കുന്നത്. അതേക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയതോടെ കേട്ടതും അറിഞ്ഞതുമൊന്നുമല്ല കാന്താരിയെന്ന കുഞ്ഞന്‍ എന്ന് ബോധ്യമായി.
ഭര്‍ത്താവ് ലിജോയോട് വിവരം പറഞ്ഞതോടെ കട്ടസപ്പോര്‍ട്ടും നിര്‍ദേശങ്ങളുമായി അദ്ദേഹവും ഒപ്പം കൂടി. വീടിനോട് ചേര്‍ന്നുള്ള 60 സെന്റില്‍ 1200 തൈകള്‍ നട്ടായിരുന്നു തുടക്കം. നട്ടാല്‍ മാത്രം പോരല്ലോ. വളം ചെയ്തു, നനച്ചു, കള പറിച്ചു. മാസങ്ങള്‍ പിന്നിട്ടതോടെ കൃഷിയുടെ വിജയഗാഥയാണ് നിമിഷയുടെ കാന്താരി തോട്ടത്തില്‍നിന്ന് ഉയരുന്നത്. 1000 ചെടിയില്‍നിന്ന് 200 കിലോവരെ ഒരു മാസം മുളക് ലഭിക്കും. കിലോക്ക് 280 രൂപ ഹോള്‍സെയില്‍ വില ഇപ്പോള്‍ ലഭിക്കുന്നുണ്ട്.
വെള്ളത്തിന് ബുദ്ധിമുട്ടുള്ള പ്രദേശമായതിനാല്‍ ആഴ്ചയില്‍ മൂന്ന് ദിവസം കൂടുമ്ബോള്‍ ചെടികള്‍ നനച്ചുകൊടുക്കും. വെള്ള ഈച്ച പോലുള്ളവയുടെ ശല്യം, ഇല മുരടിപ്പ്, ചുരുളല്‍ എന്നിവയൊക്കെ വരാതെ സൂക്ഷിച്ചാണ് പരിചരണം. ചുവട് നനയുന്നതിനെക്കാള് ഇല നനയണം എന്നതാണ് ചെടി നനക്കലിന്റെ ശാസ്ത്രമെന്ന് നിമിഷ പറയുന്നു. ദിവസേന നനക്കുന്നതാണ് നല്ലത്.
വീട്ടില്‍ ആടുള്ളതിനാല് അതിന്റെ കാഷ്ഠം വളമായി ഉപയോഗിക്കും. എല്ലുപൊടിയും ഇട്ട് കൊടുക്കും. കളകള്‍ ഇടക്ക് പറിച്ചുമാറ്റും. പരിപാലിച്ചാല്‍ ഏത് കൃഷിയും ആദായകരാകും എന്നാണ് അനുഭവപാഠം. 200 എണ്ണം വിത്തിനായി മാറ്റി നട്ടിട്ടുണ്ട്. ഓര്‍ഡറുകള്‍ കൂടുതലും കൊറിയര്‍ വഴിയാണ്. മൂന്നാഴ്ച കൂടുമ്ബോഴാണ് പ്രധാന വിളവെടുപ്പ്. ആഴ്ചയിലൊരിക്കലും വിളവെടുക്കുന്നുണ്ട്.ആവശ്യക്കാര്‍ തേടിവരുന്നുണ്ട്. ശാസ്ത്രീയമായി കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് നിമിഷ.