കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ വഴികളുമായി സ്വര്‍ണക്കടത്തുകാര്‍
കൊച്ചി: കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ വഴികളുമായി സ്വര്‍ണക്കടത്തുകാര്‍. ദുബായില്‍ നിന്നും സ്വര്‍ണ്ണം മുക്കിയ തോര്‍ത്തുകളുമായി ആണ് ഇത്തവണ യാത്രക്കാരന്‍ പിടിയിലായത്.
തൃശ്ശൂര്‍ സ്വദേശിയായ ഫഹദില്‍ നിന്നും സ്വര്‍ണ്ണം മുക്കിയ 5 തോര്‍ത്തുകള്‍ പിടിച്ചെടുത്തു. ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്തശേഷം, നന്നായി പായ്ക്ക് ചെയ്ത് കടത്താനാണ് ഫഹദ് ശ്രമിച്ചത്.
പരിശോധനയില്‍ തോര്‍ത്തില്‍ നനവുള്ളത് ചോദിച്ചപ്പോള്‍ താന്‍ കുളിച്ചു കഴിഞ്ഞ ഉടന്‍ തന്നെ പായ്ക്ക് ചെയ്തു വന്നതാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇത്രയധികം തോര്‍ത്തുള്ളതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയമായി. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണ്ണ മിശ്രിതം കുഴച്ചതില്‍ മുക്കി തോര്‍ത്ത് കൊണ്ടുവന്നത് കണ്ടെത്തിയത്.
ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണ്ണം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്നും ശാസ്ത്രീയമായ പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.