വികസനത്തേരില്‍ സ്വന്തം തട്ടകത്തില്‍ കരുത്തുകാട്ടി റോഷി
ചെറുതോണി: വാഴത്തോപ്പില്‍ 20 വര്‍ഷമായി സ്ഥിരതാമസക്കാരനും വോട്ടറുമായ റോഷി അഗസ്റ്റിന് സ്വന്തം തട്ടകത്തില്‍ കരുത്ത് തെളിയിച്ച് വന്‍ മുന്നേറ്റം. 2000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന വാഴത്തോപ്പ് പഞ്ചായത്തിലായിരുന്നു ചൊവ്വാഴ്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം. സ്വന്തം പഞ്ചായത്തില്‍ ഭൂരിപക്ഷം ഇരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് റോഷിയും സഹപ്രവര്‍ത്തകരും. പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും തകരില്ലാത്ത ആധുനീക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന ഡിസൈന്‍ റോഡ് കടന്നുപോകുന്ന മുളകുവള്ളിയില്‍ നിന്നായിരുന്നു പര്യടനത്തിന് തുടക്കം. 86.68 കോടി രൂപയാണ് പൈനാവ് – മുളകുവള്ളി – അശോകക്കവല റോഡിന് അനുവദിച്ചിട്ടുള്ളത്. ജില്ലയ്ക്ക് ലഭിച്ച രണ്ട് റോഡുകളില്‍ ഒന്ന് റോഷി സ്വന്തമാക്കിയിരുന്നു. ഇടുക്കി മെഡിക്കല്‍ കോളജ്, ഇടുക്കി എന്‍ജിനീയറിംഗ് കോളജിന് പുതിയ കെട്ടിടം, പോളിടെക്നിക്കിന് പുതിയ കെട്ടിടം, പൈനാവ് യു.പി. സ്കൂള്‍, വാഴത്തോപ്പ് എല്‍.പി. സ്കൂള്‍, പ്രളയത്തില്‍ തകര്‍ന്ന തടിയമ്പാട് പാലം പുനര്‍നിര്‍മ്മിച്ചത്, ഇടുക്കി താലൂക്ക് ഓഫീസിന് കെട്ടിട നിര്‍മ്മാണത്തിന് 5 കോടി അനുവദിച്ചതും, ജില്ലാ ആസ്ഥാന സൗന്ദര്യവല്‍ക്കരണത്തിന് 5 കോടി അനുവദിച്ചതും റോഷി സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരോട് പറഞ്ഞു. 13 കോടി ചെലവിലുള്ള ഇടുക്കി യാത്രി നിവാസും എക്കോലോഗും 10 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജും വാഴത്തോപ്പിന്‍റെ തിലകക്കുറികളാണ്. ഹില്‍വ്യൂ പാര്‍ക്കിന്‍റെ നവീകരണം, കൊലുമ്പന്‍ സ്മാരക പൂര്‍ത്തീകരണം, ചെറുതോണി – പാറമട ബിഎംബിസി റോഡ്, മണിയാറന്‍കുടി – കൈതപ്പാറ – ഉടുമ്പന്നൂര്‍ റോഡ് രണ്ട് കോടി അനുവദിപ്പിച്ച് നിര്‍മ്മാണം തുടങ്ങാന്‍ കഴിഞ്ഞതും, 14 ഗ്രാമീണ റോഡുകള്‍ എന്നിവയുടെ പൂര്‍ത്തീകരണവും സ്ഥാനാര്‍ത്ഥി ജനങ്ങളോട് പറഞ്ഞു.
ജില്ലാ ഫിഷറീസ് ഓഫീസ്, പട്ടികജാതി വികസന വകുപ്പ് ഓഫീസ്, സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ്, ഡിഡിപി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ഷെല്‍ട്ടര്‍ ഹോമുകള്‍ ഉള്‍പ്പടെ ജില്ലാ ആസ്ഥാനത്ത് ആരംഭിച്ച പുതിയ ഓഫീസുകള്‍ അരനൂറ്റാണ്ടായി ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്ന വാഴത്തോപ്പിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനായതും, ഗാന്ധിനഗര്‍ കോളനി അംബേദ്കര്‍ ഗ്രാമമായി ഏറ്റെടുത്തതുമുള്‍പ്പടെയുള്ള വികസന പദ്ധതികള്‍ എണ്ണി എണ്ണി ജനങ്ങളോട് പറഞ്ഞും വോട്ടുറപ്പിച്ചും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുമാണ് റോഷിയുടെ മുന്നേറ്റം.
വാഴത്തോപ്പിലെ സ്വീകരണകേന്ദ്രങ്ങളിലെല്ലാം അണമുറിയാത്ത ജനപ്രവാഹമായിരുന്നു. നൂറുകണക്കിന് സ്ത്രീകളാണ് ഗാന്ധിനഗര്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ കാത്തുനിന്നത്. പര്യടനം സമാപന കേന്ദ്രമായ ചെറുതോണിയിലെത്തിയപ്പോഴേക്കും ആവേശം അണപൊട്ടി. യുവജനങ്ങളുടെ തോളിലേറിയാണ് സ്ഥാനാര്‍ത്ഥി വേദിയിലേക്കെത്തിയത്. സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം മുന്‍മന്ത്രി കെ.ഇ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നേതാക്കളായ സി.വി. വര്‍ഗീസ്, എം.കെ. പ്രിയന്‍, ഷാജി കാഞ്ഞമല, എന്‍. വിപിനചന്ദ്രന്‍, കെ.എന്‍. മുരളി, അനില്‍ കൂവപ്ലാക്കല്‍, കെ.ജി. സത്യന്‍, ജോര്‍ജ്ജ്പോള്‍, സിജി ചാക്കോ, സിനോജ് വള്ളാടി, ജോസ് കുഴികണ്ടം, സണ്ണി ഇല്ലിക്കല്‍, ഷിജോ തടത്തില്‍, ടി.ജെ. വര്‍ക്കി, പി.എ. മാത്യു, സി.എം. അസീസ് എന്നിവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
ഫോട്ടോ: മണിയാറന്‍കുടി സ്കൂള്‍ സിറ്റിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിനെ സ്വീകരിക്കുന്നു.