എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂര്‍ ജാമ്യം
തിരുവനന്തപുരം: പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം സ്പെഷൽ കോടതി ആണ് ജാമ്യം അനുവദിച്ചത്. മറ്റന്നാൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ എം.എൽ.എയോട് കോടതി നിർദേശിച്ചു.
അതേസമയം, താൻ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും താൻ നിരപരാധിയാണെന്നും എൽദോസ് കുന്നപ്പിള്ളി കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചു. എൽദോസിനെതിരെ കേസെടുത്തതിന് പിന്നാലെ 20നകം വിശദീകരണം നൽകാൻ കെ.പി.സി.സി നിർദ്ദേശം നൽകിയിരുന്നു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എൽദോസ് കെ.പി.സി.സിക്ക് നൽകിയ കത്തിൽ പറയുന്നു. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് യുവതിയുമായി പരിചയം. പിന്നീട് സുഹൃത്തുക്കളായി. യുവതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. രാഷ്ട്രീയമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാതി. മുമ്പും നിരവധി പേർക്കെതിരെ യുവതി കേസ് ഫയൽ ചെയ്തിട്ടുണ്ട്. യുവതിക്കെതിരെയും കേസുണ്ട്. യുവതിക്കെതിരായ കേസുകളുടെ വിശദാംശങ്ങൾ നൽകിയ എൽദോസ് നടപടി സ്വീകരിക്കുന്നതിന് മുമ്പ് തന്‍റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടു.