കാട്ടാന ശല്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട് ആദിവാസി ഗ്രാമങ്ങള്‍
അടിമാലി: ഒരാഴ്ചയിലേറെയായി തുടരുന്ന കാട്ടാന ശല്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട് ആദിവാസി ഗ്രാമങ്ങള്‍.
അടിമാലി പഞ്ചായത്തിലെ പ്ലാമല, കുടകല്ല്, പള്ളിവാസല്‍ പഞ്ചായത്തിലെ പിച്ചാട് എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ വലിയ നാശം വരുത്തുന്നത്.
രാത്രിയും പകലും കോളനികളില്‍ ചുറ്റിക്കറങ്ങുന്ന കാട്ടാനകള്‍ ഇതിനോടകം എട്ട് ഷെഡുകള്‍ തകര്‍ത്തു. 25 ഹെക്ടറിലധികം ഏലം കൃഷിയും നശിപ്പിച്ചു.
പത്തിലേറെ ആനകളുടെ കൂട്ടം വലിയ ഭീഷണി ആയിട്ടും ഇവയെ തുരത്താന്‍ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ ആദിവാസി കോളനികളാണ് ഇത്. കാട്ടാന ഇറങ്ങുമ്ബോള്‍ വിവരം ആദിവാസികള്‍ വനപാലകരെ അറിയിക്കുമെങ്കിലും തിരിഞ്ഞുപോലും നോക്കാറില്ലെന്നാണ് പരാതി.
മാങ്കുളം പഞ്ചായത്തുകാര് വാണിജ്യ കേന്ദ്രമായ അടിമാലിയിലേക്ക് വരുന്ന പ്രധാന പാതകളിലൊന്ന് കൂടിയാണ് പ്ലാമല റോഡ്. ഈ പാതയിലാണ് കാട്ടാനകള്‍ വിഹരിക്കുന്നത്. കെ.എസ്.ആര്.ടി.സിയുടെ ജംഗിള്‍ സവാരി കടന്നുപോകുന്ന പാതയില്‍ കാട്ടാനകള്‍ വലിയ ഭീഷണി തന്നെയാണ്. ഇതിനോട് ചേര്‍ന്ന മച്ചിപ്ലാവ് ആദിവാസി കോളനിയിലും കാട്ടാനകള്‍ വലിയ നാശമാണ് ഉണ്ടാക്കിയത്.
ഇവിടെ കാട്ടാനയുടെ മുന്നിലകപ്പെട്ട അദിവാസി യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അധികൃതര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആദിവാസികള്‍ ആവശ്യപ്പെട്ടു.