മത്തായിക്ക് ഇതൊന്നും ആക്രിയല്ല…
അടിമാലി: രാജാക്കാട്ടെ ആക്രിവ്യാപാരിയാണ് പുയ്യക്കല് മത്തായി. പക്ഷേ, വെറുമൊരു ആക്രിക്കച്ചവടക്കാരനല്ല; മുന്നിലെത്തുന്ന ആക്രിസാധനങ്ങളില്നിന്ന് അമൂല്യമായത് പലതും കണ്ടെടുക്കുന്നു.
പോയകാലത്തിന്റെ ചരിത്രം തുടിക്കുന്ന ശേഷിപ്പുകളായി അത് നിധിപോലെ സൂക്ഷിച്ചുവെക്കും. മറ്റുള്ളവര്‍ ആക്രിയെന്ന് പറഞ്ഞ് ഉപേക്ഷിക്കുന്ന പലതും മത്തായിയുടെ കണ്ണില്‍ ചരിത്രപ്രാധാന്യമുള്ള പുരാവസ്തുക്കളാണ്. അങ്ങനെ ശേഖരിച്ച പുരാവസ്തുക്കള്കൊണ്ട് വരുംതലമുറക്ക് മ്യൂസിയം സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് മത്തായി.
ആക്രിസാധനങ്ങള്‍ വന്നാല്‍ വെറുതെ അലക്ഷ്യമായി കൂട്ടിയിടുകയല്ല മത്തായിയുടെ രീതി. ദിവസവും തന്റെ ആക്രിവ്യാപാര സ്ഥാപനത്തിലെത്തുന്ന സാധനങ്ങള്‍ക്കിടയില്‍ മത്തായി ഏറെ നേരം ശ്രദ്ധയോടെ തിരയും. അദ്ദേഹത്തിന് വിലപ്പെട്ടതായി അതില്‍ എന്തെങ്കിലും ഉണ്ടാകും. പലരും വിലകല്പിക്കാതെ വീട്ടില്‍നിന്ന് ഒഴിവാക്കിയ വസ്തുക്കളില്‍നിന്ന് അങ്ങനെ ഒരുപാട് ചരിത്രവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ട്. രാജഭരണ കാലത്തിന്റെ അടയാളങ്ങളായ പലതും മത്തായിയുടെ പുരാവസ്തു ശേഖരത്തിലുണ്ട്. രാജസന്ദേശങ്ങള്‍ സുരക്ഷിതമായി കൈമാറാന്‍ ഉപയോഗിച്ചിരുന്ന ലോഹ നിര്‍മിത കവചം, പഴയ കാലത്തെ കത്തികള്‍, മുറുക്കാന്‍ ചെല്ലം, ചുണ്ണാമ്ബ് പാത്രം, ചെമ്ബ് ഗ്ലാസുകള്‍, കത്തോലിക്ക പള്ളികളിലേക്ക് തിരുവോസ്തി നിര്‍മിച്ചിരുന്ന അച്ച് എന്നിവ അതില്‍ ചിലത് മാത്രം.
പിച്ചള കിണ്ണമടക്കം പുരാവസ്തുക്കള്‍ക്ക് പതിനായിരങ്ങളും അതില്‍ കൂടുതലും വില പറഞ്ഞ് പലരും വരുന്നുണ്ടെങ്കിലും അതൊന്നും വില്ക്കാന് മത്തായിക്ക് താല്പര്യമില്ല. കാരണം അവയെല്ലാം അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സമ്ബാദ്യമാണ്. തന്റെ ആക്രിക്കടയോട് ചേര്‍ന്നുള്ള പ്രത്യേക കാബിനില്‍ സി.സി ടി.വി കാമറ നിരീക്ഷണത്തിലാണ് പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നത്. ഇവയുടെ ചരിത്രപ്രാധാന്യം രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ടെത്തി കാണാനും പഠിക്കാനും അവസരമൊരുക്കണമെന്നുമാണ് മത്തായിയുടെ ആഗ്രഹം. ഇതിനായി കടയോട് ചേര്‍ന്നുതന്നെ ചെറിയൊരു മ്യൂസിയം ഒരുക്കാനാണ് ആലോചന.