ഏഷ്യ കപ്പ് പാകിസ്ഥാനിൽ; ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ


അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്‍റെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം. പാകിസ്ഥാനിലാണ് ടൂർണമെന്‍റ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്നാണ് ഇപ്പൊൾ ബിസിസിഐയുടെ തീരുമാനം.
50 ഓവർ ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക. പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുണ്ടാകുമെന്ന് ബി.സി.സി.ഐ സംസ്ഥാന അസോസിയേഷനുകളെ അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ന് ചേർന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഏഷ്യാ കപ്പ് പാകിസ്ഥാന് പകരം മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന ആവശ്യം ബിസിസിഐ ഉന്നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരമ്പരകൾ കളിച്ചിട്ടില്ല. അന്താരാഷ്ട്ര ടൂർണമെന്‍റുകളിലൊഴികെ ഇരുവരും പരസ്പരം മത്സരിക്കാറില്ല.