വിഴിഞ്ഞം സമരത്തിൽ സ്തംഭിച്ച് തലസ്ഥാനം; പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ത്ഥികൾ യാത്ര മുടങ്ങി വിമാനങ്ങൾ


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ ഉപരോധ സമരത്തിൽ സ്തംഭിച്ച് തലസ്ഥാന നഗരം. ദേശീയ പാത മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ വരെ എട്ടിടത്താണ് വള്ളവും വലയുമായി സമരക്കാര്‍ തടിച്ചുകൂടിയത്. പരീക്ഷ എഴുതാനാകാതെ വിദ്യാര്‍ത്ഥികൾ വലഞ്ഞു. സമയത്ത് വിമാനത്താവളത്തിലെത്താനാകാതെ ഏഴുപത് പേര്‍ക്കാണ് യാത്ര മുടങ്ങിയത്.
രാവിലെ ഏഴുമണിയോടെ ഉപരോധക്കാര്‍ എത്തിത്തുടങ്ങിയത്. വള്ളവും വലയും മീൻ കുട്ടയുമായി സമരക്കാര്‍ റോഡിൽ കുത്തിയിരുന്നു. വാഹനങ്ങൾ വഴിയിൽ തടഞ്ഞിട്ടു. ചാക്ക ബൈപ്പാസ് ജംഗ്ഷനില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ഫ്ലൈ ഓവറിന് മുകളിലും താഴെയും സര്‍വ്വീസ് റോഡുകളും വരെ കയ്യടക്കി.
സമരക്കുരുക്കിൽ പെട്ട ആള്‍സെയിന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ ബസ്സ് ഒന്നര മണിക്കൂര്‍ അനങ്ങാതെ കിടന്നു. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് എത്താനാകാതെ വിദ്യാര്‍ത്ഥികൾ വലഞ്ഞു. ചിലര്‍ കിലോമീറ്ററുകള്‍ നടന്ന് ചെന്ന് പരീക്ഷ എഴുതി. വിമാനത്താവളത്തിലേക്കുള്ള റോഡുകളും സമരക്കാര്‍ ഉപരോധിച്ചതോടെ 70 ഓളം പേര്‍ക്ക് യാത്ര മുടങ്ങി.
ബാഗ് ചുമന്ന് ചിലര്‍ നടത്തെന്നാൻ ശ്രമിച്ചു. ജീവനക്കാര്‍ സമയത്ത് എത്താനാകാതെ മൂന്ന് വിമാനം വൈകിയെന്നും അദാനി എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ആറ്റിങ്ങലിൽ സമരക്കാര്‍ ആംബുലൻസ് തടഞ്ഞെന്ന പരാതിയുണ്ട്. സമരം മുൻകൂട്ടിക്കണ്ട് ക്രമീകരണം ഒരുക്കാതെ പൊലീസ് പലയിടത്തും കാഴ്ചക്കാരായി. ഉച്ചയ്ക്ക് ഉപരോധം അവസാനിച്ചെങ്കിലും ചാക്കയടക്കമുള്ള സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും സമരക്കാരുണ്ടായിരുന്നു.
ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതിൽ ഒരെണ്ണം പോലും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു.