ഒരു ദിവസം 1,200 രൂപ വരെ; നരബലി നടന്ന വീട്ടിലേക്ക് ഓട്ടോ സര്‍വീസ്
പത്തനംതിട്ട: നരബലിയോടെ കുപ്രസിദ്ധമായ പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് സര്‍വീസുമായി ഓട്ടോ ഡ്രൈവര്‍. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ എന്നെഴുതിയ സ്റ്റിക്കർ ഗിരീഷ് തന്‍റെ ഓട്ടോയ്ക്ക് മുന്നിൽ ഒട്ടിച്ചിട്ടുണ്ട്.
വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ പോലും നരബലിയെ തുടർന്ന് ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് വരുന്നുണ്ട്. കാഴ്ച കാണാൻ എത്തുന്നവരെ വഴിതെറ്റാതെ എത്തിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു.
ഞായറാഴ്ച ഒരു ദിവസത്തെ സർവീസിൽ നിന്ന് തനിക്ക് 1,200 രൂപയുടെ ഓട്ടം ലഭിച്ചതായും ഡ്രൈവർ ഗിരീഷ് പറഞ്ഞു.
അതേസമയം, നരബലിയിൽ കൊല്ലപ്പെട്ട 2 സ്ത്രീകളുടെയും ശരീരത്തിൽ ചില ആന്തരികാവയവങ്ങളില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്തരികാവയവങ്ങൾ മുറിച്ചുമാറ്റി പിന്നീട് കുഴിയിൽ നിക്ഷേപിച്ചതായി പ്രതികൾ പറയുന്നു.
പത്മയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് അവയവങ്ങൾ ശാസ്ത്രീയമായ രീതിയിലാണ് വേർപ്പെടുത്തിയതെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. മനുഷ്യശരീരത്തിൽ എളുപ്പത്തിൽ വേർപെടുത്താവുന്ന സന്ധികൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കിയാണ് കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്‍റെ ഘടന കൃത്യമായി അറിയാവുന്നവർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ.