ഇടുക്കി തങ്കമണിയിലെ മന്ത്രവാദകേന്ദ്രത്തിൽ പോലീസ് റെയ്ഡ്; നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പരിശോധന, ദുരൂഹത തുടരുന്നു.
ഇടുക്കി തങ്കമണിക്കടുത്ത് യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിൽ പോലീസ് പരിശോധന തുടരുകയാണ്. 12 വര്‍ഷം മുന്‍പ് ഇവിടേക്കെത്തിയ പറത്താഴത്ത് റോബിന് എന്നയാളുടെ വീടിനോട് ചേര്‍ന്ന് മന്ത്രവാദം നടക്കുന്നുവെന്നാണ് പരാതിഉയർന്നത്. ഇതിന്റെഅടിസ്ഥാനത്തിലായിരുന്നു പരിശോധന. അതേസമയം ഇവിടെ നിന്നും ബലിത്തറകളും പൂജാ സാമഗ്രികളും പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. കോഴികളേയും പതിനഞ്ച് ദിവസത്തോളം പ്രായമുള്ള ആടിന്റെയും തല വെട്ടുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.
ഈ മന്ത്രവാദ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ചില വ്ളോഗര്‍മാര്‍ പകര്‍ത്തി ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിനെ പിന്നാലെ പല തവണ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണം. ഇലന്തൂര്‍ നരബലി ചര്‍ച്ചയായിട്ടും ഈ മന്ത്രവാദ കേന്ദ്രത്തിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് വിമുഖത കാണിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ ഈ മന്ത്രവാദ കേന്ദ്രത്തിലേക്ക് പൂജയ്ക്കായി നിരവധി പേരാണ് എത്താറുള്ളത്. മന്ത്രവാദ കേന്ദ്രത്തില്‍ നിന്നും കോഴിയുടേയും ആടിന്റേയും അലര്‍ച്ച കേള്‍ക്കാറുണ്ടെന്നും ഇത് പരിസരവാസികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.