ലോകകപ്പിന് അവിശ്വസനീയ തുടക്കം; ശ്രീലങ്കയ്‌ക്കെതിരെ നമീബിയക്ക് ജയം
ഗീലോങ്: ഗ്രൂപ്പ് എയിലെ ആദ്യ യോഗ്യതാ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് നമീബിയ. നമീബിയ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19 ഓവറിൽ 108 റൺസിന് ഓൾ ഔട്ടായി. നമീബിയൻ ബോളർമാർ തുടക്കം മുതൽ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും മത്സരം 55 റൺസിന് വിജയിക്കുകയും ചെയ്തു.
സ്കോർ ചുരുക്കത്തിൽ നമീബിയ 20 ഓവറിൽ 163/7, ശ്രീലങ്ക 19 ഓവറിൽ 108ന് ഓൾ ഔട്ട്.
നമീബിയ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് തുടക്കം തന്നെ പിഴച്ചു. ഓപ്പണർമാരായ പാതും നിസങ്ക(9), കുശാല്‍ മെന്‍ഡിസ്(6), ധനുഷ്ക ഗുണതിലക(0) എന്നിവർ പവലിയനിലേക്ക് മടങ്ങി. പവർപ്ലേയ്ക്ക് ശേഷം ധനഞ്ജയ ഡിസിൽവയും(12) പുറത്തായി. ഭാനുക രാജപക്സെ(20), ക്യാപ്റ്റൻ ദസുൻ ഷനക(29) എന്നിവരുടെ മികവിലാണ് ലങ്ക 50 കടന്നത്.
നമീബിയൻ താരം ജാൻ നിക്കോളാസ് ഫ്രിലിങ്കാണ് പ്ലേയർ ഓഫ് ദി മാച്ച്. 28 പന്തിൽ നിന്നും 44 റൺസ് ഫ്രിലിങ്ക് ലങ്കയുടെ 2 വിക്കറ്റുകളും വീഴ്ത്തി.