5 രൂപയുടെ ‘ലെയ്സ്’ പാക്കറ്റ് മോഡൽ ലെതർ ബാഗിന് വില 1.40 ലക്ഷം
ഉരുളക്കിഴങ്ങ് ചിപ്സ് അല്ലെങ്കിൽ പൊട്ടാറ്റോ ചിപ്സ് മിക്ക ആളുകളുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. അവയിൽ തന്നെ ‘ലെയ്സ്’ കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്സിന് ഒരു വലിയ ആരാധകവൃന്ദമുണ്ട്. ഇവ പല ഫ്ലേവറുകളിൽ വിപണിയിൽ ലഭ്യമാണ്. തക്കാളി, സവാള, മുളക് തുടങ്ങി നിരവധി രുചികളിൽ ഇവ ലഭ്യമാണ്. വിലയാണെങ്കിൽ അഞ്ചോ പത്തോ രൂപ മാത്രമേ ഉള്ളൂ. പാക്കറ്റുകൾ കാണാൻ വളരെ വർണ്ണാഭവുമാണ്.
ഇപ്പോൾ ‘ലെയ്സ്’ പാക്കറ്റ് മോഡൽ ലെതർ ബാഗ് ലെയ്സ് പ്രേമികൾക്കിടയിൽ വൈറൽ ആയിരിക്കുകയാണ്. കണ്ടാൽ ഒരു ‘ലെയ്സ്’ പാക്കറ്റ് ആണെന്ന് തോന്നും. ലെയ്സ് ചിപ്സ് ഉള്ള ഒരു പാക്കറ്റിന് 10 രൂപയാണെങ്കിൽ ചിപ്സുകളില്ലാത്ത പാക്കറ്റ് മോഡൽ ലെതർ ബാഗിന് 1.40 ലക്ഷം രൂപയാണ് വില.
ലോകത്തിലെ ഏറ്റവും മികച്ച ഫാഷൻ ഹൗസായ ബലെൻസിയാഗയാണ് ബാഗ് വിപണിയിലെത്തിച്ചത്. പെപ്‌സികോയും ബലെൻസിയാഗ ക്രിയേറ്റീവ് ഡിസൈനർ ഡെംനയും സഹകരിച്ചാണ് പൊട്ടറ്റോ ചിപ്സ് പാക്കുകളോട് സാമ്യമുള്ള ഈ ബാഗുകള്‍ നിർമിച്ചിരിക്കുന്നത്. ഡെംന തന്നെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. പാരീസ് ഫാഷൻ വീക്കിലാണ് ബാഗ് അവതരിപ്പിച്ചത്.