ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ മിലിട്ടറി ഡോഗ് സൂം വിടവാങ്ങി
ന്യൂ ഡൽഹി: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സൈനിക നായ ‘സൂം’ വിടവാങ്ങി. അഡ്വാൻസ് ഫീൽഡ് വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11.45 വരെ മരുന്നുകളോട് പ്രതികരിച്ചിരുന്നു. അനന്ത്‌നാഗിലെ കോക്കർനാഗിൽ ലഷ്കർ-ഇ-ത്വയിബയും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൂമിന് ഗുരുതരമായി പരിക്കേറ്റത്.
തീവ്രവാദികളെ തുരത്തുന്നതിന് മുന്നിൽ നിന്നിരുന്ന സൂമിന് വെടിയേൽക്കുകയായിരുന്നു. പരിക്കേറ്റെങ്കിലും സൂം ദൗത്യത്തിൽ പങ്കാളിയായി. ഏറ്റുമുട്ടലിൽ സൂമിന്‍റെ സഹായത്തോടെ രണ്ട് ഭീകരരെ വധിച്ചു. ഓപ്പറേഷൻ താങ്പാവാസിന്റെ കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്നു സൂം. സൂമിനു പുറമെ രണ്ട് സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.
തെക്കൻ കശ്മീരിലെ താങ്‌പാവ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് സുരക്ഷാ സേന സൂമിനൊപ്പം തിരച്ചിൽ ആരംഭിച്ചത്.