സംസ്ഥാനത്ത് ചെള്ളുപനിയെ കുറിച്ച് വിശദ പഠനം നടത്താൻ ഐസിഎംആർ


തിരുവനന്തപുരം: സംസ്ഥാനത്തെ ചെള്ളുപനിയെക്കുറിച്ച് പഠിക്കാൻ ഐസിഎംആർ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ വിശദമായ പഠനം നടത്തും. ഈ വർഷം കേരളത്തിൽ 14 പേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ചെള്ളുപനിയെക്കുറിച്ചുള്ള ഐസിഎംആറിന്‍റെ പഠനം.
പുതുച്ചേരി വെക്ടർ കണ്ട്രോൾ റിസർച്ച് സെന്‍ററിൽ നിന്നുള്ള വിദഗ്ധരാണ് പഠനത്തിനായി എത്തുന്നത്. ഈ വർഷം സംസ്ഥാനത്ത് 597 പേർക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. 14 പേർക്ക് ജീവൻ നഷ്ടമായി.
മുൻ വർഷങ്ങളിലും പനി നിരവധി പേരുടെ ജീവൻ അപഹരിച്ചിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് സംഘം സാമ്പിളുകൾ ശേഖരിക്കും. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ നിന്നുള്ള സാമ്പിളുകളും പഠനവിധേയമാക്കും. മൃഗങ്ങളിൽ കാണപ്പെടുന്ന ചെള്ളുകളിലൂടെയാണ് രോഗകാരി മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്.