അവർ പറന്നുയർന്ന് ലക്ഷ്യങ്ങൾ കീഴടക്കട്ടെ; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം
ബാലികമാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ദിനമാണ് ഇന്ന്. എല്ലാ വർഷവും ഒക്ടോബർ 11 നാണ് അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കുന്നത്. നമ്മുടെ സമയം ഇപ്പോഴാണ്, നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി എന്നതാണ് ഈ വർഷത്തെ തീം. പെൺകുട്ടികളുടെ പുരോഗതി ഉറപ്പാക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം.
ഒരു സ്ത്രീയായതിന്റെ പേരിൽ അവർ നേരിടുന്ന ലിംഗ അസമത്വത്തെക്കുറിച്ച് ബോധവാൻമാരാക്കുകയും പെൺകുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, പോഷകാഹാരം, നിയമപരമായ അവകാശങ്ങൾ, വൈദ്യ പരിചരണം എന്നിവയിൽ നിലനിൽക്കുന്ന അസമത്വങ്ങളിൽ നിന്ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും സംരക്ഷണം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഈ ദിനം ഓർമ്മിപ്പിക്കുന്നു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ, ബാലവിവാഹം എന്നിവ തടയാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്ന് ഉദ്‌ബോധിപ്പിക്കുകയാണ് ഈ ദിനാചരണത്തിലൂടെ.