പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല
ദില്ലി: പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സ്റ്റേ ഇല്ല. ഉടനെ അന്തിമ വാദം കേൾക്കുന്നതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഉചിത അധികാരികളിൽ നിന്നുള്ള എല്ലാ അനുവാദം ലഭിച്ച ശേഷമാണ് ഖനനം നടത്തിയതെന്ന് ഹർജിക്കാർ വ്ക്തമാക്കി.
സംസ്ഥാനത്ത് പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ് ബന്ധപ്പെട്ട വിഷയത്തിൽ എല്ലാ വശങ്ങളും പരിഗണിയ്ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിയ്ക്കുമെന്നും അറിയിച്ചു. കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളായ പോബ്സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ക്വാറി ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.വി വിശ്വനാഥൻ, അഭിഭാഷകരായ ഇ എം എസ് അനാം, എം കെ എസ് മേനോൻ, ഉഷ നന്ദിനി എന്നിവർ ഹാജരായി. കേസിൽ തടസഹർജി നൽകിയ തൃശൂർ സ്വദേശി ശ്രീനിവാസനായി അഭിഭാഷകൻ ജെയിംസി പി തോമസ് ഹാജരായി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസിൽ സി കെ ശശി, അബ്ജുള്ള നസീഹ് എന്നിവർ ഹാജരായി.