കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്; നിർണ്ണായകം
തിരുവനന്തപുരം: പുതിയ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാനുള്ള കേരള സര്‍വകലാശാലയുടെ നിർണ്ണായക സെനറ്റ് യോഗം ഇന്ന് നടക്കും. വിസി നിർണ്ണയിക്കാനുള്ള സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്ന് വൈകുന്നേരത്തിന് മുമ്പ് നിർദ്ദേശിക്കണമെന്നായിരുന്നു രാജ്ഭവനിൽ നിന്നുള്ള നിർദ്ദേശം.
മുൻപ് രണ്ട് തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വിസി പേര് നൽകിയിരുന്നില്ല. പേര് നിർദ്ദേശിച്ചില്ലെങ്കിൽ വിസിക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടാൻ മടിക്കില്ലെന്നുമായിരുന്നു ഗവർണ്ണറുടെ ഭീഷണി.
യോഗം ചേരുന്നുണ്ടെങ്കിലും പ്രതിനിധിയെ നിർദ്ദേശിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗവർണ്ണറുടേയും യുജിസിയുടെയും പ്രതിനിധികളാണ് ഗവർണ്ണർ രൂപീകരിച്ച സമിതിയിയിൽ നിലവിൽ ഉള്ളത്. ഗവർണ്ണറുടെ നടപടി ഏകപക്ഷീയമാണെന്ന് കാണിച്ച് സെനറ്റ് പ്രമേയം പാസ്സാക്കിയിരുന്നു. സെനറ്റ് പേര് നിർദ്ദേശിച്ചില്ലങ്കിൽ രണ്ടംഗ സമിതി വിസി നിർണ്ണയ നടപടിയുമായി മുന്നോട്ട് പോകും. കടുത്ത നടപടിയിലേക്ക് ഗവർണ്ണർ കടക്കും. ഉത്തരേന്ത്യൻ സന്ദർശനത്തിന് ശേഷം ഗവർണ്ണർ ഇന്ന് വൈകീട്ട് മടങ്ങിയെത്തും