പേപ്പട്ടികളെ കൊല്ലാൻ അനുമതി ലഭിക്കുമോ? ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ഡൽഹി: തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ. ആക്രമണകാരികളായ തെരുവുനായ്ക്കളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്‍റെ അപേക്ഷയും ഹർജിക്കൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇടക്കാല ഉത്തരവ് ഇന്ന് ഉണ്ടായേക്കും.
കേരളത്തിൽ നൂറുകണക്കിന് ആളുകൾ ദിനംപ്രതി നായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന സാഹചര്യത്തിൽ ശക്തമായ ഇടപെടൽ വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണാതീതമായതോടെ അവയെ കൊല്ലാൻ അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകിയിട്ടുള്ളത്.
നിലവിലുള്ള കേന്ദ്ര നിയമമനുസരിച്ച് നായ്ക്കളെ കൊല്ലുന്നത് അനുവദനീയമല്ല. ആക്രമണകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റുകയും മരണം വരെ ഐസൊലേഷനിൽ പാർപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഇളവ് ആവശ്യപ്പെടുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങൾ പടരുമ്പോൾ, അവയെ കൂട്ടത്തോടെ കൊല്ലാൻ അനുവദിക്കുന്നു. സമാനമായ നടപടിയാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.