ആർ.ടി.ഒ. വിലക്കിയ ടൂറിസ്റ്റ് ബസിന് കൊച്ചിയിൽ പിടിവീണു; ടൂറിസ്റ്റ് ബസ് ഡ്രൈവർ കട്ടപ്പന സ്വദേശി രമേശിന്റെ ഡ്രൈവിങ് ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കാൻ തീരുമാനം
വേഗപ്പൂട്ട് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇടുക്കി ആർ.ടി.ഒ. വിലക്കിയ ടൂറിസ്റ്റ് ബസിന് കൊച്ചിയിൽ പിടിവീണു. മോട്ടോർ വാഹനവകുപ്പിന്റെ കണ്ണുവെട്ടിച്ചാണ് കോളേജ് വിദ്യാർഥികളുമായി ബസ് കൊച്ചിയിലെത്തിയത്. ടൂറിസ്റ്റ് ബസ് ഡ്രൈവർ കട്ടപ്പന സ്വദേശി രമേശിന്റെ ഡ്രൈവിങ് ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കാൻ ആർ.ടി.ഒ.യ്ക്ക് വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർഥികളെ സുരക്ഷിതമായി തിരികെയെത്തിച്ച ശേഷമായിരിക്കും നടപടിയെന്ന് എറണാകുളം ആർ.ടി.ഒ.യുടെ ചുമതല വഹിക്കുന്ന മൂവാറ്റുപുഴ ആർ.ടി.ഒ, പി.എ ഷെബീർ വ്യക്തമാക്കി.
കുട്ടിക്കാനം മരിയൻ കോളേജാണ് വിനോദയാത്രയ്ക്ക് അനുമതി തേടി വണ്ടിപ്പെരിയാർ സബ് ആർ.ടി. ഓഫീസിൽ അപേക്ഷ നൽകിയത്. വിദ്യാർഥികൾ പോകുന്ന ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ വേഗപ്പൂട്ട് കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വണ്ടിയിൽ യാത്ര പോകുന്നത് വിലക്കി. എന്നാൽ ഇതേ വാഹനത്തിൽ കോളേജ് വിദ്യാർത്ഥികളും ആയി ഞായറാഴ്ച സംഘംഎറണാകുളത്ത് എത്തി.
ഇടുക്കിയിലെ ഉദ്യോഗസ്ഥർ നൽകിയ അനുമതിപത്രം എവിടെയെന്ന ചോദ്യത്തിന് തങ്ങൾ രാത്രിയിലാണ് വേഗപ്പൂട്ട് ഘടിപ്പിച്ചതെന്നായിരുന്നു മറുപടി. എറണാകുളത്ത് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ് വേഗപ്പൂട്ട് ഘടിപ്പിച്ചതാണെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. ഏതായാലും ബസിനെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.