ഇടുക്കി മറയൂർ പെരിയകുടിയിൽ ബന്ധുവിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സുരേഷുമായി പൊലീസ് തെളിവെടുപ്പു നടത്തി. കൊലപാതകത്തിനു ശേഷം ചന്ദന റിസർവിനുള്ളിൽ ഒളിപ്പിച്ചുവച്ച കമ്പി പൊലീസ് കണ്ടെടുത്തു.
വെള്ളിയാഴ്ച രാത്രിയാണു സുരേഷ് ബന്ധുവായ രമേശിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. ഒരു മാസത്തോളമായി പെരിയ കുടിയിൽ താമസിച്ചു കൃഷിപ്പണി ചെയ്യുന്നതിടെയാണ് മാതൃസഹോദരന്റെ വീട്ടിൽ രമേശ് താമസിക്കാനെത്തിയത്. സ്വത്തിന്റെ പേരിൽ സുരേഷും രമേശും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. രാത്രി എട്ടു മണിയോടെ വീട്ടിൽ നിന്നും പോയ സുരേഷ് മടങ്ങി വന്നത് സമീപത്ത് നിർമാണം നടക്കുന്ന വീട്ടിൽ നിന്നെടുത്ത രണ്ട് കമ്പി കഷണങ്ങളുമായാണ് . ഉറങ്ങിക്കിടന്ന രമേശിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും വായിൽ ഒരു കമ്പികഷണം കുത്തി കയറ്റുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച മറ്റൊരു കമ്പി മറയൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു വനത്തിനുള്ളിലെ മരത്തടിയിൽ ഒളിപ്പിച്ചു. ചന്ദനക്കാവലിൽ ഏർപ്പെട്ടിരുന്ന വാച്ചർ സുരേഷിനെ കണ്ടു ചോദ്യംചെയ്തിരുന്നു. മറുപടിയായി ഒരാളെ കൊന്നിട്ടു വരുന്നതായി സുരേഷ് പറഞ്ഞു. ഇതിനു ശേഷം ഉച്ചയോടെ സുരേഷിനെ പൊലീസ് വനത്തിനുള്ളിൽ വച്ച് പിടികൂടി. സുരേഷുമായി നടത്തിയ തെളിവെടുപ്പിൽ കമ്പി കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.