അത് ആരുടെ പണം? അനധികൃതമായി പണം സമ്പാദിച്ചതിന് ജിയോളജിസ്റ്റ് ദമ്പതികൾക്ക് സസ്പെന്‍ഷൻ
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജിയോളജിസ്റ്റ് ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍. മൈനിങ് ആന്‍ഡ് ജിയോളജി മിനറല്‍ സ്ക്വാഡിലെ ജിയോളജിസ്റ്റായ എസ്.ശ്രീജിത്ത്, ഇയാളുടെ ഭാര്യ ഗീത എസ്.ആര്‍ (ജിയോളജിസ്റ്റ്, മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറേറ്റ്) എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
2014 മെയ് 1 മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇരുവരും അനധികൃതമായി പണം സമ്പാദിച്ചു എന്ന് വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയാകും വരെ ഇരുവരെയും സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.
അനധികൃത പാറമടകളുടെ പ്രവര്‍ത്തനം മൂലം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നുന്നുവെന്ന ആരോപണം നിലനില്‍കുന്ന പത്തനംതിട്ട ജില്ലയിലാണ് ഈ കാലയളവില്‍ എസ്.ശ്രീജിത്ത് ജോലി ചെയ്തിരുന്നത്.
അന്വേഷണം നടന്ന 2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 1,32,51,431 രൂപയുടെ വരവും 90,47,495 രൂപയുടെ ചെലവുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പ്രസ്തുത കാലയളവില്‍ 42,03, 936 രൂപയുടെ സമ്പാദ്യവും 91,79,692 രൂപയുടെ സ്വത്തും ഇരുവരും ചേര്‍ന്ന് സമ്പാദിച്ചെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.