ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; ഡൽഹിയിൽ താപനില 10 ഡിഗ്രി കുറഞ്ഞു
ന്യൂഡൽഹി: ഉത്തർ പ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും കനത്ത മഴയും വെള്ളക്കെട്ടും ഉണ്ടായി. മഴയെ തുടർന്ന് ഡൽഹിയിൽ താപനില 10 ഡിഗ്രി കുറഞ്ഞ് 23 ഡിഗ്രി സെൽഷ്യസായി. ഡൽഹിയിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം.
നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ആനന്ദ് വിഹാർ, വസീറാബാദ്, ഐ.എൻ.എയ്ക്കും എയിംസിനും ഇടയിലുള്ള റോഡ്, മെഹ്റൗലി-ബദർപൂർ റോഡ്, തുഗ്ലക്കാബാദ്, സംഗം വിഹാർ, കിരാരി, റോഹ്തക് റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
ഉത്തർപ്രദേശിൽ മഥുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജനവാസ മേഖലകളിൽ വെള്ളം കയറി. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളിൽ വെള്ളിയാഴ്ച അർധരാത്രി മുതലാണ് കനത്ത മഴ ആരംഭിച്ചത്.