ഏഷ്യനെറ്റ് ക്യാമറാമാന് മര്‍ദനം:ഇടുക്കി പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചു
തൊടുപുഴ: വാർത്ത ചിത്രികരിക്കുന്നതിനിടെ ഏഷ്യാനെറ്റ് ക്യാമറാമാൻ റിജു ഇന്ദിരയെ സംഘം ചേർന്ന് ആക്രമിക്കുകയും ക്യാമറാ തട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധിച്ചു.
ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വാഹന പരിശോധനയുടെ ഭാഗമായി പെരുവന്താനത്ത് ഇന്നു രാവിലെ 11-ഓടെ നടത്തിയ പരിശോധന ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമം ഉണ്ടായത്. ബസിലുണ്ടായിരുന്ന പത്തനംതിട്ട ബാർ അസോസിയേഷൻ അംഗങ്ങളെന്ന് അവകാശപ്പെട്ടവരാണ് സംഘം ചേർന്ന് ആക്രമം നടത്തിയത്. റിജു ഇന്ദിരയുടെ ക്യാമറാ തട്ടിത്തെറിപ്പിക്കുകയും കൈയ്ക്കു പിടിച്ചു വലിക്കുകയും ദേഹത്ത് അടിക്കുകയും ചെയ്ത ആക്രമി സംഘം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയും ആക്രാേശിച്ച് പാഞ്ഞെടുത്തിരുന്നു. റിജുവിനെതിരെയുണ്ടായ ആക്രമത്തിൽ പത്ര പ്രവര്‍ത്തക യൂണിയന് ഇടുക്കി ജില്ലാ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ഉറപ്പു വരുത്തണമെന്നും ജില്ലാ പ്രസിഡന്റ് സോജന് സ്വരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ട്രഷറര്‍ കെ.ബി വില്‍സണ്‍ കളരിക്കൽ , വൈസ് പ്രസിഡന്റുമാരായ എം.ബിലീന, അഫ്സല് ഇബ്രാഹിം, കമ്മിറ്റിയംഗങ്ങളായ പി.കെ.ലത്തീഫ്, ഒ.ആര്.അനൂപ്, കെ.വി.സന്തോഷ്കുമാര്‍, എം.എന്‍.സുരേഷ്, വിനോദ് കണ്ണോളി എന്നിവര്‍ പ്രസംഗിച്ചു.