ഹൈക്കോടതി വിധിയിലൂടെ ഫുള്‍മാര്‍ക്ക്; 1200ൽ 1200 വാങ്ങി മാത്യൂസ്
ഭരണങ്ങാനം: ഹയർ സെക്കൻഡറി പരീക്ഷയിൽ കോടതി ഉത്തരവിലൂടെ മുഴുവൻ മാർക്കും നേടി വിദ്യാർത്ഥി. ഭരണങ്ങാനം സെന്റ് മേരീസ് സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിയായ കെ.എസ്.മാത്യൂസ് ആണ് കോടതി വിധിയിലൂടെ 1200ൽ 1200 മാർക്ക് നേടിയത്. പ്ലസ് ടു ഫലം വന്നപ്പോൾ 1198 മാർക്ക് ആണ് ലഭിച്ചത്.
രണ്ട് മാർക്ക് നഷ്ടപ്പെട്ട പൊളിറ്റിക്സ് പരീക്ഷയുടെ ഉത്തരക്കടലാസ് വീണ്ടും മൂല്യനിർണയം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പരാതിക്കാരനായ മാത്യൂസിന് രണ്ട് മാർക്ക് കൂടി ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തിയ കോടതി അനുകൂലമായി വിധി പ്രസ്താവിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ കെ ബാബു ഓൺലൈൻ ഹിയറിംഗ് നടത്തി. മാത്യൂസിന്റെ പരാതി കേട്ട് അർഹതപ്പെട്ട രണ്ട് മാർക്ക് കൂടി നൽകി ഉത്തരവിറക്കുകയും ചെയ്തു. പരാതിക്കാരന് വേണ്ടി ജോർജുകുട്ടി വെട്ടത്തേൽ ആണ് കോടതിയിൽ ഹാജരായത്.