അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി:കട്ടപ്പന ബ്ലോക്കില്‍ പ്രോജക്ട് സമര്‍പ്പിച്ചു
പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങള്‍ക്ക് അഞ്ചുവര്‍ഷംകൊണ്ട് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് തല അവലോകനവും പ്രോജക്ട് സമര്‍പ്പണവും നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പ്രസിഡന്റ് മനോജ് എം. ടി. ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു.
പദ്ധതി പ്രകാരം ത്രിതല പഞ്ചായത്തുതലത്തില്‍ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇതിനുശേഷം ഓരോ കുടുംബത്തിനും മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിനായി ജനപ്രതിനിധികള്‍ക്കും സി. ഡി. എസ്. അംഗങ്ങള്‍ക്കും പഞ്ചായത്ത്, വാര്‍ഡ് തല സമിതി അംഗങ്ങള്‍ക്കുമായി കിലയുടെ നേതൃത്വത്തില്‍ പരിശീലനവും നല്‍കിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലും സര്‍വേ നടത്തി ഓരോ കുടുംബത്തിനും പ്രത്യേകം തയ്യാറാക്കിയ മൈക്രോ പ്ലാനുകള്‍ യോഗത്തില്‍ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ചുറ്റുപാട്, വരുമാനം തുടങ്ങി വിവിധ മേഖലകളില്‍ അന്വേഷണം നടത്തി ഓരോ കുടുംബത്തിനും വിശദമായ മൈക്രോ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. ആറ് പഞ്ചായത്തുകളില്‍ നിന്നുമായി 331 കുടുംബങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 13 പേര്‍ മരണപ്പെട്ട സാഹചര്യത്തില്‍ ബാക്കി 318 കുടുംബങ്ങള്‍ക്കായുള്ള മൈക്രോ പ്ലാനാണ് തയാറാക്കിയത്. ഈ മൈക്രോ പ്ലാനുകള്‍ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകരിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചന്‍ നീര്‍ണാകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ബി. ഡി. ഒ. ജയപ്രകാശ് ആര്‍.എസ് വിഷയവതരണം നടത്തി. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷാമോള്‍ ബിനോജ്, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, മറ്റു ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം:
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി അവലോകനവും പ്രോജക്ട് സമര്‍പ്പണവും.