രാത്രികാല വിനോദയാത്രയ്ക്കുള്ള വിലക്ക് അട്ടിമറിച്ചത് ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരം: സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രയിൽ രാത്രിയിൽ യാത്ര നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് അട്ടിമറിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. 2007ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ രാത്രിയാത്ര നിരോധിച്ചിരുന്നു. രാത്രി 9 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പും യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. എന്നാൽ 2013-ൽ പുറത്തിറക്കിയ സർക്കുലറിൽ ഈ നിർദ്ദേശം ഒഴിവാക്കിയതായി രേഖകൾ വ്യക്തമാക്കുന്നു.
2007-ൽ രാത്രിയാത്രകൾ പാടില്ലെന്നതുൾപ്പെടെ കുട്ടികളുടെ സുരക്ഷയ്ക്കായി 16 മാർഗ്ഗനിർദ്ദേശങ്ങൾ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ 2013ൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് സർക്കുലർ നൽകുകയും രാത്രിയാത്രാ നിരോധനം പിൻവലിക്കുകയും ചെയ്തു. ഈ നിർദ്ദേശം ഉപേക്ഷിച്ചതിന്‍റെ കാരണം വ്യക്തമല്ല.
ഒരു ദിവസത്തെ താമസത്തിന്‍റെ ചെലവ് ഒഴിവാക്കാൻ സ്കൂൾ അധികൃതർ പലപ്പോഴും വിനോദയാത്രയ്ക്കായി രാത്രി യാത്ര തിരഞ്ഞെടുക്കുന്നു. അത്തരം യാത്രകൾ അപകടങ്ങളിലേക്ക് നയിക്കുന്നുവെന്ന് സമീപകാല സംഭവങ്ങളെല്ലാം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കഞ്ചേരിയിൽ അഞ്ച് കുട്ടികളടക്കം ഒമ്പത് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തെ തുടർന്ന് രാത്രിയാത്ര ഒഴിവാക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നിർദേശം നൽകിയിരുന്നു.