കട്ടപ്പനയിൽ അയൽവാസിയെ വാക്കത്തിക്ക് വെട്ടിയ ഗൃഹനാഥൻ അറസ്റ്റിൽ


ഇടുക്കി: അയൽവാസിയെ വാക്കത്തിക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ ആളെ ഒരു വർഷത്തിനു ശേഷം പിടികൂടി. കട്ടപ്പന കാഞ്ചിയാർ കൽത്തൊട്ടി മാബ്ലയിൽ റോയി (45)യാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന റോയി വീട്ടിലെത്തിയ വിവരം അറിഞ്ഞ പൊലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
2021 സെപ്റ്റംബർ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരിക്കാനിക്കൽ സിനോജിനാണ് വാക്കത്തിക്ക് വെട്ടേറ്റത്. റോയിയും സിനോജും തമ്മിൽ വഴക്കുണ്ടാകുകയും ഇതിനിടെ റോയി സിനോജിനെ വെട്ടുകയുമായിരുന്നു. തുടർന്ന് റോയി ഒളിവിൽ പോയി. ബന്ധുക്കളുടെ സഹായത്തോടെ ജില്ലയിൽ തന്നെ പലയിടചത്ത് ഒളിവിൽ കഴിയുകയായിരുന്നു.
സിനോജിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് റോയിക്കായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കട്ടപ്പന സി.ഐ. വിശാൽ ജോൺസൺ, എസ്.ഐ. സജിമോൻ, അനീഷ്, ടോണി ജോൺ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജിത്ത്, ജിൻസ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ ബിന്ദു, സോഫിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.